ന്യൂഡൽഹി: രാജ്യസഭയിൽ കേന്ദ്ര മന്ത്രിമാരായ വി. മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും പ്രശംസിച്ച് മുസ്‍ലിം ലീഗ് നേതാവ് പി.വി. അബ്ദുൽ വഹാബ്. വി. മുരളീധരൻ ഡൽഹിയിൽ കേരളത്തിന്റെ അംബാസഡറാണെന്ന് രാജ്യസഭയിൽ ധനവിനിയോഗ ബില്ലിൽ നടന്ന ചർച്ചയിൽ വഹാബ് അഭിപ്രായപ്പെട്ടു.
മന്ത്രി രാജീവ് ചന്ദ്രശേഖർ വൈദഗ്ധ്യ വികസനത്തിൽ ചെയ്യുന്നത് പ്രശംസനീയമാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുവെന്നും വഹാബ് പറഞ്ഞു. താങ്കൾ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിന്റേത് ശൂന്യമാകുമായിരുന്നുവെന്ന് മന്ത്രി മുരളീധരനെ നോക്കി വഹാബ് പറഞ്ഞു. സ്വന്തം പാർട്ടിയുടെ മാത്രമല്ല, കേരളത്തിന്റെ കാര്യവും മന്ത്രി ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ, കേരളത്തിൽ വരുമ്പോൾ ആവശ്യമില്ലാത്ത ചില പരാമർശങ്ങൾ അദ്ദേഹം കേരള സർക്കാറിനെ കുറിച്ച് നടത്താറുണ്ടെന്നും വഹാബ് കൂട്ടിച്ചേർത്തു.
വി. മുരളീധരനെതിരെ ജോൺ ബ്രിട്ടാസ് രൂക്ഷ വിമർശമുയർത്തിയതിനു പിന്നാലെ സംസാരിക്കുന്നതിനിടെയാണ് പി.വി. അബ്ദുൽ വഹാബ് പ്രശംസിച്ചത്.
നോട്ടുനിരോധനത്തിലൂടെ നാലു ലക്ഷം കോടി രൂപയെങ്കിലും ലാഭമുണ്ടായില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്നാണ് വി. മുരളീധരൻ പറഞ്ഞിരുന്നതെന്നും അവരെല്ലാം ഇന്ന് ഉന്നത പദവികളിലാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിൽനിന്നുള്ള ഒരു എം.പി സംസാരിക്കുമ്പോൾ കേൾക്കുകയെങ്കിലും ചെയ്യണമെന്ന് മുരളീധരനോട് ആവശ്യപ്പെട്ട ബ്രിട്ടാസ്, കേരളത്തിൽ ഇടങ്കോലിടുകമാത്രമാണ് അജണ്ടയെന്നും കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.