ന്യൂഡൽഹി: വാലൈൻറൻ ദിനാചരണത്തിനിറങ്ങിയ പ്രണയ ജോടികളെ സംഘ്പരിവാർ പ്രവർത്തകർ നേരിട്ടു. പ്രണയദിനാചരണത്തിനെതിരെ തെരുവിലിറങ്ങുകയും സർവകലാശാല കാമ്പസുകളിൽ സഞ്ചാര നിരോധനമേർപ്പെടുത്തുകയും ചെയ്തു. തെരുവുകളിൽ ‘വടി പൂജ’യും വിദ്യാലയങ്ങളിൽ ‘മാതാ പിതാ പൂജ’യും സംഘടിപ്പിച്ചു.
ഗുജറാത്തിൽ അഹ്മദാബാദിലെ സബർമതി നദീതീരത്ത് എത്തിയ പ്രണയജോടികളെ കാവിക്കൊടിയേന്തിയ ബജ്രംഗ്ദൾ, വി.എച്ച്.പി പ്രവർത്തകർ വടികളുമായാണ് നേരിട്ടത്്. ആക്രമണത്തിെൻറ വിഡിയോ ദൃശ്യം പുറത്തുവന്നതിനെ തുടർന്ന് 10 സംഘ് പരിവാർ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പിരിഞ്ഞുപോകാനേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നും ബലം പ്രയോഗിച്ചിട്ടില്ലെന്നുമാണ് വി.എച്ച്.പി അവകാശ വാദം. പ്രണയ ദിനാചരണത്തിൽ തെറ്റില്ലെന്ന് ഗുജറാത്തുകാരനായ വി.എച്ച്.പി അധ്യക്ഷൻ നിലപാട് മാറ്റിയ ശേഷവും പ്രവർത്തകർ നിയമം കൈയിലെടുക്കുകയായിരുന്നു. സബർമതി നദീതീരത്ത് വാലൈൻറൻ ദിനത്തിനെതിരെ വി.എച്ച്.പിയും ബജ്രംഗ്ദളും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്ന് വി.എച്ച്.പി മീഡിയ കോർഡിനേറ്റർ ഹേമേന്ദ്ര ത്രിവേദി പറഞ്ഞു.
ഹൈദരാബാദിലും നാഗ്പുരിലും ബജ്രംഗ്ദളുകാർ വാലൈൻറൻ ദിനാചരണത്തിനെതിരെ തെരുവിലിറങ്ങി. ദിനാചരണം നടത്തരുതെന്ന് ഇവിടങ്ങളിൽ പബ്ബുകൾക്കും റസ്റ്റാറൻറുകൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ലഖ്നോ സർവകലാശാല പ്രണയദിനത്തിൽ കാമ്പസിൽ അലഞ്ഞുനടക്കരുതെന്ന് സർക്കുലർ ഇറക്കി. വർഗീയ കലാപത്തിന് കുപ്രസിദ്ധിയാർജിച്ച മുസഫർ നഗറിൽ ശിവസേന വടിപൂജ സംഘടിപ്പിച്ചു. പ്രണയജോടികളെ ‘പാഠം പഠിപ്പിക്കാൻ’ ഉപയോഗിക്കാനുള്ള വടികളാണ് പൂജിച്ചത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ തട്ടകമായ ഗോരഖ്പുരിൽ സംഘ്പരിവാറിെൻറ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിൽ വാലൈൻൻസ് ഡേക്കെതിരെ ‘മാതാ പിതാ പൂജൻ ദിവസ്’ ആചരിച്ചു. മാതാപിതാക്കൾക്കായി വിദ്യാർഥികൾ പൂജ നടത്തി. ഭാരതീയ സംസ്കാരവുമായി ബന്ധപ്പെട്ടതാണ് ഇൗ ദിനാചരണമെന്ന് മദൻ മോഹൻ മാളവ്യ ഡീംഡ് സർവകലാശാല പ്രഫ. ശ്രീനിവാസ് സംഗ് പറഞ്ഞു. പഞ്ചാബിൽ പാനിപ്പത്തിലെ സംഘ്പരിവാർ മാനേജ്മെൻറ് സ്കൂളുകളിലും മാതാ പിതാ പൂജൻ ദിവസ് ആചരിച്ചു. യോഗ് വേദാന്ത് സമിതിയുടെ ബാനറിലായിരുന്നു ദിനാചരണം. ഡൽഹിയിൽ ആശാറാം മാതാ പിതാ പൂജൻ ദിവസിനുള്ള ആഹ്വാനവുമായി ഹിന്ദുത്വ സംഘടനകളുടെ ബോർഡുകളുയർത്തിയിരുന്നു.
പ്രണയ ജോടികളെ ആക്രമിക്കുന്നതിെൻറയും അവരെക്കൊണ്ട് വന്ദേമാതരം പാടിപ്പിക്കുന്നതിെൻറയും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.