ന്യൂഡൽഹി: 18 വയസ്സാകാത്ത ഋതുമതിയായ മുസ്ലിം പെൺകുട്ടിയുടെ വിവാഹം സാധുവാണെന്ന പഞ്ചാബ് ഹരിയാന ഹൈകോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമീഷൻ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി വാദം കേൾക്കും. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്. ഓഖ എന്നിവരടങ്ങുന്ന ബെഞ്ച് അഡ്വ. രാജശേഖർ റാവുവിനെ കേസിൽ അമിക്കസ് ക്യൂറിയായി നിയമിച്ചു.
വിധിയിലെ രണ്ട് ഖണ്ഡികകൾ സ്റ്റേ ചെയ്യണമെന്ന് ദേശീയ കമീഷന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ 21കാരനും 16കാരിക്കും മുസ്ലിം വ്യക്തിനിയമപ്രകാരത്തിന്റെ അടിസ്ഥാനത്തിൽ സംരക്ഷണം നൽകിയായിരുന്നു പഞ്ചാബ് ഹരിയാന ഹൈകോടതി വിധി. ദിൻഷാ ഫർദുൻജി മുല്ലയുടെ മുഹമ്മദൻ നിയമതത്ത്വങ്ങൾ എന്ന പുസ്തകത്തിലെ 195ാം ഖണ്ഡിക ആധാരമാക്കിയായിരുന്നു ഇത്.
ശൈശവവിവാഹം നിരോധിക്കുകയും പോക്സോ നിയമം നടപ്പാക്കുകയും ചെയ്ത സാഹചര്യത്തിൽ ഗൗരവമേറിയ വിഷയമാണിതെന്ന് മേത്ത വാദിച്ചു. സുപ്രീംകോടതിയിൽ അപ്പീൽ പരിഗണിക്കുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും കോടതികൾ ഈ ഹൈകോടതി വിധി പിന്തുടരുമോ എന്നായിരുന്നു ബെഞ്ചിന്റെ ചോദ്യം. അമിക്കസ്ക്യൂറിയെ കേട്ടശേഷം വിഷയം പരിശോധിക്കാമെന്ന് പറഞ്ഞ് ബെഞ്ച് കേസ് നവംബർ ഏഴിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.