മുംബൈ: മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യവുമായി ബന്ധപ്പെട്ട് വീണ്ടും നിലപാട് മാറ്റി വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.ഐ) അധ്യക്ഷൻ പ്രകാശ് അംബേദ്കർ. ഉദ്ധവ് പക്ഷ ശിവസേന, പവാർ പക്ഷ എൻ.സി.പി എന്നിവരെ തഴഞ്ഞ് ഏഴ് സീറ്റിൽ കോൺഗ്രസിന് നേരിട്ട് പിന്തുണ നൽകാമെന്നാണ് പുതിയ നിലപാട്. ഇത് സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തുനൽകി. കത്ത് ‘എക്സി’ൽ പരസ്യപ്പെടുത്തുകയും ചെയ്തു.
ഉദ്ധവ് പക്ഷവും പവാർ പക്ഷവും സഖ്യ ചർച്ചകളിൽ വി.ബി.ഐയേ തുല്യതയില്ലാത്തവിധം അവഗണിച്ചതായാണ് ആരോപണം. അതിനാൽ സൗഹൃദത്തിനു പുറമെ ഭാവിയിലെ സഖ്യ സാധ്യതയും മുൻനിർത്തി ഏഴ് സീറ്റിൽ പിന്തുണക്കാമെന്നാണ് കത്തിലുള്ളത്. പിന്തുണ ആവശ്യമുള്ള മണ്ഡലങ്ങൾ ഏതെന്ന് അറിയിക്കാനും ആവശ്യപ്പെട്ടു.
ബി.ജെ.പി, ആർ.എസ്.എസ് ഭരണത്തെ താഴെയിറക്കുകയാണ് മുഖ്യലക്ഷ്യമെന്നും വി.ബി.ഐ പറയുന്നു. അതേസമയം, ഇതേക്കുറിച്ച് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രകാശ് രണ്ടാമതെത്തിയ അകോല ഉൾപ്പെടെ നാല് സീറ്റുകൾ വി.ബി.എക്ക് നൽകാൻ എം.വി.എ തയാറാണ്. എന്നാൽ, പ്രകാശ് തൃപ്തനല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.