ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം ഏർപ്പെടുത്തിയതോടെ പരിശോധന കർശനമാക്കി ട്രാഫിക് പൊലീസ്. ആഗസ്റ്റ് ഒന്നിന് നിരോധനം നിലവിൽ വന്ന ദിവസം നഗരാതിർത്തിയായ കുമ്പൽഗോഡിൽ ട്രാഫിക് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് വിലക്കുള്ള വാഹനങ്ങളെ സർവിസ് റോഡിലേക്ക് വഴിതിരിച്ചുവിട്ടത്.
ഈ വാഹനങ്ങൾ പ്രധാന പാതയിൽ പ്രവേശിക്കാതെ പാതയുടെ സർവിസ് റോഡിലൂടെയാണ് ഓടേണ്ടത്. വിലക്ക് ലംഘിച്ച് എക്സ്പ്രസ് വേയിലെ പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന വാഹന ഉടമകളിൽ നിന്ന് തൽക്കാലം പിഴ ഈടാക്കില്ല. 500 രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. ആദ്യദിനങ്ങളിലെ ബോധവത്കരണത്തിനുശേഷം പിന്നീട് വിലക്ക് ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് റോഡ് സുരക്ഷ ചുമതലയുള്ള എ.ഡി.ജി.പി അലോക് കുമാർ പറഞ്ഞു.
അതിവേഗ പാതയിലെ ഇടതുവശത്തെ ലെയ്നിൽ 60 കിലോമീറ്ററും മധ്യഭാഗത്ത് 80 കിലോമീറ്ററും വലതുഭാഗത്ത് 100 കിലോമീറ്ററുമാണ് വേഗപരിധി. ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മാണ്ഡ്യ, ശ്രീരംഗപട്ടണ, മൈസൂരു റിങ് റോഡ് ജങ്ഷൻ എന്നിവിടങ്ങളിലും ഇത്തരം വാഹനങ്ങൾ നിരോധിച്ചുവെന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
പാതയിൽ അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ദേശീയപാത അതോറിറ്റി ബൈക്കുകൾ, ഓട്ടോകൾ, ട്രാക്ടറുകൾ, മൾട്ടി ആക്സിൽ ഹൈഡ്രോളിക് ട്രെയിലർ വഹനങ്ങൾ എന്നിവക്ക് നിരോധനം ഏർപ്പെടുത്തിയത്.സർവിസ് റോഡിലൂടെയുള്ള വാഹനങ്ങൾക്ക് നിലവിൽ ടോൾ നൽകേണ്ട. ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മാണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിലാണ് സർവിസ് റോഡിൽനിന്ന് അതിവേഗ പാതയിലേക്ക് പ്രവേശിക്കാനുള്ള ഇടനാഴികളുള്ളത്.
8480 കോടി രൂപയാണ് 118 കിലോമീറ്ററുള്ള പാതയുടെ നിർമാണ ചെലവ്. പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയും ഇരുവശത്തുമായി രണ്ടുവീതം സർവിസ് റോഡുകളുമാണുള്ളത്.പാതയിലെ അപകടങ്ങൾ കുറക്കാൻ ഡ്രൈവർമാർക്ക് കർണാടക ആർ.ടി.സി പരിശീലനം നൽകുന്നുണ്ട്. പ്രധാന പാതയിൽ നിശ്ചിത ലൈൻ തെറ്റാതെ ബസ് ഓടിക്കുന്നതിനും പരമാവധി വേഗം 80 കിലോമീറ്ററായി പരിമിതപ്പെടുത്തുന്നതിനുമുള്ള പരിശീലനമാണ് നൽകുന്നത്.
ബംഗളൂരു-മൈസൂരു അതിവേഗ പാതയിലെത്തിയ ഗുഡ്സ് ഓട്ടോറിക്ഷയെ തടയുന്നു. ആഗസ്റ്റ് ഒന്നുമുതൽ ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ, മൾട്ടി ആക്സിൽ ഹൈഡ്രോളിക് ട്രെയിലർ വാഹനങ്ങൾ തുടങ്ങിയവ അതിവേഗ പാതയിൽ നിരോധിച്ചിട്ടുണ്ട്. ഇനി മുതൽ ഇവ സർവിസ് റോഡിലൂടെയാണ് സഞ്ചരിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.