പട്ന: ആർ.ജെ.ഡി തലവൻ ലാലു പ്രസാദ് യാദവ് ഉൾപ്പെട്ട 139.35 കോടി രൂപയുടെ ഡോറണ്ട കാലിത്തീറ്റ കുംഭകോണക്കേസിൽ പ്രത്യേക സിബിഐ കോടതി ഫെബ്രുവരി 15ന് വിധി പറയും. ശനിയാഴ്ച കേസിൽ അന്തിമ വാദം കേൾക്കൽ പൂർത്തിയായി.
നാല് കാലിത്തീറ്റ കുംഭകോണക്കേസുകളിൽ 14 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ബിഹാർ മുൻ മുഖ്യമന്ത്രിക്തെിരായ അഞ്ചാമത്തെയും അവസാനത്തെയും കേസാണിത്. കാലിത്തീറ്റ ഇടപാടുമായി ബന്ധപ്പെട്ട് ഡൊറണ്ട ട്രഷറിയിൽ നിന്ന് 139 കോടി രൂപ അനധികൃതമായി പിൻവലിച്ചുവെന്നാണ് ലാലു അടക്കമുള്ള പ്രതികൾക്കെതിരായ ആരോപണം.
ലാലു പ്രസാദ് യാദവ് ഉൾപ്പെടെ 99 പ്രതികളുടെ വിചാരണയാണ് പ്രത്യേക സിബിഐ ജഡ്ജി എസ്.കെ. ശശി മുമ്പാകെ പൂർത്തിയായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വിചാരണ ആരംഭിച്ചത്. അവസാന പ്രതിയായ ഡോ. ശൈലേന്ദ്രകുമാറിന്‍റെ വാദം കേൾക്കൽ ശനിയാഴ്ച പൂർത്തിയായി.
വിധി പ്രസ്താവിക്കുന്ന ദിവസം എല്ലാ പ്രതികളും കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് സിബിഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എം.പി സിങ് പറഞ്ഞു. ആകെയുള്ള 170 പ്രതികളിൽ 55 പേർ മരിച്ചു. ഏഴ് പേർ മാപ്പു സാക്ഷികളായി, ആറു പേർ ഒളിവിലാണ്.
ലാലുവിനെ കൂടാതെ മുൻ എം.പി ജഗദീഷ് ശർമ്മ, അന്നത്തെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയർമാൻ ധ്രുവ് ഭഗത്, മൃഗസംരക്ഷണ സെക്രട്ടറി ബെക്ക് ജൂലിയസ്, മൃഗസംരക്ഷണ അസി. ഡയറക്ടർ ഡോ. കെ.എം. പ്രസാദ് എന്നിവരാണ് മുഖ്യപ്രതികൾ.
ദുംക, ദിയോഘഡ്, ചൈബാസ ട്രഷറികളുമായി ബന്ധപ്പെട്ട നാല് കേസുകളിൽ ലാലുവിന് 14 വർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.