വ്യാജ റെംഡിസിവർ വിൽപന: വി.എച്ച്.പി നേതാവിനെതിരെ കേസ്​​

ജബൽപുർ: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവർ ഇൻജക്ഷന്‍റെ വ്യാജ മരുന്ന്​ വിറ്റ കേസിൽ മധ്യപ്രദേശിലെ വി.എച്ച്​.പി നേതാവടക്കം മൂന്നുപേർക്കെതിരെ കേസ്​. ജബൽപുർ വി.എച്ച്.പി പ്രസിഡന്‍റ്​ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ്​ ഒരു ലക്ഷത്തിലേറെ വ്യാജ റെംഡിസിവർ വിറ്റതിന്​ കേസെടുത്തിരിക്കുന്നത്​.

ജബൽപുർ വി.എച്ച്.പി പ്രസിഡന്‍റ്​ സരബ്ജീത് സിങ് മോക്ക, ദേവേന്ദ്ര ചൗരസ്യ, സ്വപൻ ജെയ്ൻ എന്നിവർക്കെതിരെയാണ്​ കേസ്. സ്വപൻ ജെയ്​നെ സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സരബ്ജീത്തും ദേവേന്ദ്രയും ഒളിവിലാണെന്ന്​ ജബൽപുർ എ.എസ്​.പി രോഹിത്​ കഷ്​വാനി പറഞ്ഞു.

ജബൽപുരിലെ സിറ്റി ഹോസ്പിറ്റലിന്‍റെ ഉടമയാണ്​ സരബ്ജീത് സിങ് മോക്ക. ദേവേന്ദ്ര ചൗരസ്യ ഇയാളുടെ മാനേജരാണ്​. ഫാർമ കമ്പനികളുമായുള്ള ഡീലർഷിപ്പുൾപ്പെടെ കൈകാര്യം ചെയ്യുന്നയാളാണ്​ സ്വപൻ ജെയ്ൻ. ഇവർക്കെതിരെ ഐ.പി.സി 274, 275, 308, 420 വകുപ്പുകളും ദുരന്ത നിവാരണ നിയമം, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമം തുടങ്ങിയവയും ചുമത്തിയിട്ടുണ്ട്​.

സരബ്ജീത്തിന്​ സർക്കാറിലെ മുതിർന്ന മന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുണ്ടെന്ന്​ ഉന്നത വൃത്തങ്ങൾ പറയുന്നു. ഇൻഡോറിൽനിന്ന് സരബ്ജീത്തിന്​ 500 വ്യാജ റെംഡിസിവർ മരുന്നു കിട്ടിയെന്നും അത്​ തന്‍റെ ആശുപത്രിയിലെത്തിയ രോഗികൾക്ക് 35,000–40,000 രൂപ നിരക്കിൽ വിറ്റെന്നും പൊലീസിന്​ വിവരം ലഭിച്ചിട്ടുണ്ട്​.

ഉപ്പും ഗ്ലൂക്കോസും മിക്​സ്​ ചെയ്​ത്​ വ്യാജ മരുന്നുണ്ടാക്കി വിൽക്കുന്ന റെംഡിസിവർ റാക്കറ്റിനെ കുറിച്ചു കൂടുതൽ അന്വേഷണത്തിന്​ സി.ബി.ഐയെ ചുമതലപ്പെടുത്തണമെന്ന്​ കോൺഗ്രസ് ആവശ്യപ്പെട്ടു. ഒരു ലക്ഷം വ്യാജ ഇഞ്ചക്ഷൻ മരുന്നുകൾ ഉണ്ടാക്കി ഇൻഡോറിലും ജബൽപുരിലും വിറ്റ റാക്കറ്റിനെ തകർക്കാൻ നടപടികൾ ശക്​തമാക്കണമെന്ന്​ കോൺഗ്രസ്​ രാജ്യസഭാംഗം വിവേക്​ ടാൻഖ ആവശ്യപ്പെട്ടു. 

Tags:    
News Summary - VHP chief booked for selling over 1 lakh fake remdesivir injections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.