ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി മധ്യപ്രദേശിലെ ബി.ജെ.പി സ്ഥാനാർഥി ശങ്കർ ലാൽവാനി. 10,08,077 വോട്ടിന്റെ ഭൂരിപക്ഷമാണ് ലാൽവാനി നേടിയത്. കോൺഗ്രസ് സ്ഥാനാർഥിയായ അക്ഷയ് ബാം ബി.ജെ.പിയുമായുണ്ടാക്കിയ രഹസ്യ ധാരണയെ തുടർന്ന് പത്രിക പിൻവലിച്ചിരുന്നു. ഇതോടെ സ്ഥാനാർഥിയില്ലാതായ കോൺഗ്രസ് ‘നോട്ട’ക്ക് വോട്ട് ചെയ്യാനാണ് ആഹ്വാനം ചെയ്തിരുന്നത്. 2,18,674 വോട്ടാണ് നോട്ടക്ക് വീണത്. ഒന്നാമതെത്തിയ ശങ്കർ ലാൽവാനി 12,26,751 വോട്ട് നേടിയപ്പോൾ നോട്ടക്കും പിന്നിൽ 51,659 വോട്ടോടെ ബി.എസ്.പിയുടെ സഞ്ജയ് മൂന്നാം സ്ഥാനത്തായി.
ശങ്കർ ലാൽവാനിക്ക് പിന്നിൽ അസമിലെ ധുബ്രിയിൽനിന്ന് ജനവിധി തേടിയ കോൺഗ്രസിലെ റാകിബുൽ ഹുസൈനാണ് ഭൂരിപക്ഷത്തിൽ രണ്ടാമൻ. 9,92,149 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. റാകിബിന് 14,46,680 വോട്ട് ലഭിച്ചപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർഥി ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) നേതാവ് മുഹമ്മദ് ബദറുദ്ദീൻ അജ്മലിന് ലഭിച്ചത് 4,54,531 വോട്ടാണ്.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാൻ 8,21,408 വോട്ടിനാണ് മധ്യപ്രദേശിലെ വിദിഷ മണ്ഡലത്തിൽനിന്ന് ജയിച്ചുകയറിയത്. ചൗഹാൻ 11,16,460 വോട്ട് നേടിയപ്പോൾ രണ്ടാമതെത്തിയ കോൺഗ്രസിലെ പ്രതാപ് ഭാനു ശർമക്ക് ലഭിച്ചത് 2,95,052 വോട്ട് മാത്രമാണ്.
ഗുജറാത്തിലെ നവ്സാരി മണ്ഡലത്തിൽനിന്ന് ജയിച്ച ബി.ജെ.പിയിലെ സി.ആർ പാട്ടിൽ 7,73,551 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. പാട്ടീൽ 10,31,065 വോട്ട് നേടിയപ്പോൾ രണ്ടാമതെത്തിയ കോൺഗ്രസിലെ നെയ്ഷാദ്ഭായ് ദേശായിക്ക് 2,57,514 വോട്ടാണ് ലഭിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗർ മണ്ഡലത്തിൽനിന്ന് 7,44,716 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. അമിത് ഷാ 10,10,972 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർഥി കോൺഗ്രസിലെ സൊനാൽ രമൺഭായ് പട്ടേലിന് 2,66,256 വോട്ട് മാത്രമാണ് ലഭിച്ചത്.
2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഏറ്റവും വലിയ ഭൂരിപക്ഷം ബി.ജെ.പിയുടെ പ്രീതം മുണ്ടെയുടെ പേരിലായിരുന്നു. 2014ലെ ഉപതെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിൽനിന്ന് 6.9 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അവർ ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.