മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വിഡിയോ വൈറലായി; മാപ്പു പറഞ്ഞ് മിസോറം മുഖ്യമന്ത്രി

ഐസ്വാള്‍: മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ ക്ഷമാപണവുമായി മിസോറാം മുഖ്യമന്ത്രി സോറംതംഗ. ഐസ്വാളിലെ ഒരു ക്ലിനിക്കിലെ ത്വഗ് രോഗ വിദഗ്ധനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ മിലാരി ചാങ്തെ മര്‍ദിച്ചത്. അപ്പോയിൻമെന്റ് എടുക്കാത്തതിനാല്‍ മിലാരിയെ പരിശോധിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചു. ഇതോടെ പ്രകോപിതയായി ഡോക്ടറെ തല്ലുകയായിരുന്നു.

പരിശോധനക്ക് മുമ്പ് അപ്പോയിൻമെന്റ് എടുക്കണമെന്ന് ക്ലിനിക്കിലെത്തിയ മിലാരിയോട് ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ഡോക്ടറുടെ അരികിലേക്ക് വേഗത്തില്‍ നടന്നെത്തി മുഖത്തടിക്കുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്നവര്‍ മിലാരിയെ പിടിച്ചു മാറ്റുന്ന വിഡിയോ വന്‍തോതിലാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതോടെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വിമർശനവും രൂക്ഷമായി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മിസോറാം യൂനിറ്റിലുള്ള ഡോക്ടര്‍മാര്‍ പ്രതിഷേധസൂചകമായി കറുത്ത ബാഡ്ജണിഞ്ഞാണ് ശനിയാഴ്ച ജോലിക്കെത്തിയത്.

ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചത്. ഡോക്ടറുടെ നേര്‍ക്കുള്ള മകളുടെ മര്യാദരഹിതമായ പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായും സംഭവം ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും സ്വന്തം കൈയക്ഷരത്തിലെഴുതിയ കുറിപ്പ് ട്വീറ്റ് ചെയ്ത് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Video of daughter beating doctor goes viral; Mizoram Chief Minister apologized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.