ഹൈദരാബാദ്: രാജ്യത്ത് കോവിഡ് പടർന്നുപിടിച്ചതിന് ശേഷം ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വിവിധ ഭാഗങ്ങളിൽനിന്ന് പുറത്തുവരുന്നത്. അത്തരത്തിൽ മനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കോവിഡ് പോസിറ്റീവായതിന് ശേഷം വീടിന് സമീപം വീണുകിടക്കുന്ന പിതാവിന് വെള്ളം നൽകാൻ ശ്രമിക്കുന്ന മകളും അവരെ തടയുന്ന മാതാവുമാണ് ദൃശ്യങ്ങളിൽ.
ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. 50കാരനായ പിതാവ് വിജയവാഡയിലാണ് ജോലിചെയ്യുന്നത്. രോഗം സ്ഥിരീകരിച്ചതോടെ വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. രോഗബാധിതനായതിനാൽ വീട്ടിലേക്ക് മാത്രമല്ല സ്വന്തം ഗ്രാമത്തിലേക്കും പ്രവേശനം അനുവദിച്ചില്ല. തുടർന്ന് ഗ്രാമത്തിന് പുറത്ത് കുടിലിൽ താമസിച്ച് വരികയായിരുന്നു അദ്ദേഹം.
എന്നാൽ, ദിവസങ്ങൾ കഴിഞ്ഞതോടെ ഇയാളുടെ ആരോഗ്യനില വഷളാകുകയായിരുന്നു. രോഗബാധിതനായ പിതാവ് നിലത്ത് വീണുകിടക്കുന്നത് വിഡിയോയിൽ കാണാം. 17കാരിയായ മകൾ വീണുകിടക്കുന്ന പിതാവിന് വെള്ളം നൽകാനായി കുപ്പിയുമായി കരഞ്ഞുെകാണ്ടുപോകുന്നതും മാതാവ് തടയുന്നതുമാണ് വിഡിയോയിൽ. മാതാവിന്‍റെ എതിർപ്പ് വകവെക്കാതെ മകൾ വെള്ളം നൽകുന്നതും അലമുറയിട്ട് കരയുന്നതും വിഡിയോയിലുണ്ട്.
ഇയാളെ ചികിത്സിക്കാൻ ആശുപത്രിയിലെത്തിയപ്പോൾ പ്രവേശനം ലഭിച്ചില്ലെന്നും കുടുംബം മുഴുവൻ രോഗബാധിതനായതിനാൽ അയാളുടെ അടുത്തേക്ക് പോകാമെന്നും വിഡിയോ ചിത്രീകരിച്ചയാൾ പറയുന്നത് കേൾക്കാം. അധികം താമസിയാതെ പിതാവ് മരിച്ചതായാണ് വിവരം.
ഗ്രാമങ്ങളെയും കുടുംബങ്ങളെയും കോവിഡിന്‍റെ രണ്ടാം വ്യാപനം തകർത്തതിന്‍റെ നേർചിത്രമാണ് പ്രചരിക്കുന്ന വിഡിയോ. ആന്ധ്രയിൽ പ്രതിദിനം 20,000ത്തിൽ അധികം പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. 70ലധികം മരണവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.