ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും മുൻ ഗതാഗത മന്ത്രിയുമായ എം.ആർ വിജയഭാസ്കറിന്റെ വീടകകളിൽ ഉൾപ്പെടെ 21 കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തി. ഇദ്ദേഹം ഗതാഗത മന്ത്രിയായിരിക്കെ വ്യാപക അഴിമതി നടന്നതായി പരാതികളുയർന്നിരുന്നു. അണ്ണാ ഡി.എം.കെ കരൂർ ജില്ല സെക്രട്ടറി കൂടിയാണ് വിജയഭാസ്കർ.
വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ കരൂർ ആണ്ടാൾ കോവിൽ ശെൽവൻ നഗർ, ചെന്നൈ രാജാ അണ്ണാമലൈപുരം, ഗ്രീൻവേസ് റോഡിലെ അപ്പാർട്ട്മെൻറ് തുടങ്ങിയ ഇടങ്ങളിലെ വീടുകളിലും ഒാഫിസുകളിലുമാണ് പരിശോധന നടന്നത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും വീടുകളിലും നടന്ന റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായാണ് വിവരം.
അധികാരത്തിലേറിയാൽ അണ്ണാ ഡി.എം.കെ മന്ത്രിമാർ നടത്തിയ അഴിമതികളെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡി.എം.കെ പ്രസിഡൻറ് എം.കെ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കരൂർ മണ്ഡലത്തിൽ ഡി.എം.കെയുടെ ശെന്തിൽബാലാജിയോട് വിജയഭാസ്കർ പരാജയപ്പെട്ടിരുന്നു.
റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് അണ്ണാ ഡി.എം.കെ നേതാക്കളായ ഒ.പന്നീർശെൽവം, എടപ്പാടി പളനിസാമി എന്നിവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.