ഗാന്ധിനഗർ: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി അധികാരമേറ്റു. തുടർച്ചയായി രണ്ടാംതവണ ഇൗ പദവിയിലെത്തിയ 61കാരനായ അദ്ദേഹം, ഗന്ധിനഗറിൽ നടന്ന പ്രൗഢ ചടങ്ങിൽ ഗവർണർ ഒ.പി. കോഹ്ലി മുമ്പാകെയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മുഖ്യമന്ത്രിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിൻ പേട്ടൽ ഉൾപ്പെടെ എട്ടു കാബിനറ്റ് മന്ത്രിമാരും 10 ഉപമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
മറ്റു കാബിനറ്റ് മന്ത്രിമാർ: ഭൂപേന്ദ്ര സിങ് ചുദാസാമ, ആർ.സി. ഭാൾഡു, കൗശിക് പേട്ടൽ, സൗരഭ് പേട്ടൽ, ഗണപത് വാസവ, ജയേഷ് രദാദിയ, ഇൗശ്വരഭായ് ആർ. പാർമർ. സഹമന്ത്രിമാർ: പ്രദീപ് സിങ് ജദേജ, പർബദ്ബായി പേട്ടൽ, ജയ്ദ്രത്സിങ് പാർമർ, രമൺലാൽ നാനുഭായ് പട്കർ, പർസോത്തം സോളങ്കി, ഇൗശ്വർസിങ് പേട്ടൽ, വസൻഭായി ആഹിർ, കിഷോർ കനാനി, ബച്ചുഭായി മംഗൻഭായി ഖബാദ്, വിഭാവരി ദേവ്.പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, ബി.ജെ.പി ഭരണത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. നേരത്തേ ചേർന്ന ബി.ജെ.പി നിയമസഭാകക്ഷി യോഗത്തിൽ രൂപാണി നിയമസഭാകക്ഷി നേതാവായും നിതിൻ പേട്ടൽ ഉപനേതാവായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇൗ മാസം രണ്ടു ഘട്ടങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 182 അംഗ സഭയിൽ 99 സീറ്റാണ് ബി.ജെ.പി നേടിയത്. മുൻവർഷം ലഭിച്ച 115ൽനിന്ന് 16 സീറ്റ് ഇത്തവണ കുറഞ്ഞു. സ്വതന്ത്രെൻറ പിന്തുണ കൂടി കൂട്ടി ബി.ജെ.പി നൂറു തികച്ചിട്ടുണ്ട്. അതേസമയം, കോൺഗ്രസിന് 77 അംഗങ്ങളുണ്ട്. ഇതടക്കം പ്രതിപക്ഷത്തിെൻറ അംഗബലം 80 ആണ്.
ഭരണവിരുദ്ധവികാരം അലതല്ലിയ തെരഞ്ഞെടുപ്പിൽ തിളക്കം മങ്ങിയ വിജയമാണ് ലഭിച്ചതെങ്കിലും അമിത് ഷായുടെ വിശ്വസ്തൻ എന്ന പരിഗണനയാണ് രൂപാണിയെ വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തിച്ചത്. മ്യാന്മറിലെ റങ്കൂണിൽ (നിലവിൽ യാംഗോൻ) ആയിരുന്നു വിജയ് റാംനിക് രൂപാണിയുടെ ജനനം. സ്കൂൾ കാലത്തുതന്നെ ആർ.എസ്.എസിൽ ചേർന്ന് പ്രവർത്തിച്ചു.
പിന്നീട് എ.ബി.വി.പിയിൽ സജീവമായി. 1974ലെ ഗുജറാത്ത് നവനിർമാൺ സമരത്തിൽ സജീവമായി പെങ്കടുത്തു. അടിയന്തരാവസ്ഥ കാലത്ത് ഒരുവർഷം ജയിൽവാസമനുഭവിച്ചു. 1996ൽ രാജ്കോട്ട് മേയറായി.
2006-2012ൽ രാജ്യസഭ എം.പിയായി. പിന്നീട് പാർട്ടി പ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഇദ്ദേഹം 2014ൽ പശ്ചിമ രാജ്കോട്ട് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് നിയമസഭയിലെത്തിയത്. ആനന്ദിബെൻ പേട്ടലിെൻറ രാജിയെതുടർന്ന് 2016 ഫെബ്രുവരി 19ന് മുഖ്യമന്ത്രിയുമായി.
രണ്ടു പതിറ്റാണ്ടിനിടെ ഗുജറാത്തിൽ ബി.ജെ.പിയെ ഉലച്ച തെരെഞ്ഞടുപ്പായിരുന്നു ഇത്തവണത്തേത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.