ബീഡ്: രാജ്യമെമ്പാടും ഏറെ ഉത്സാഹത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെയും വസന്തത്തിന്‍റേയും ഉത്സവമെന്നാണ് ഹോളി അറിയപ്പെടുന്നത്. രാധയുടെയും കൃഷ്ണന്‍റെയും നിത്യസ്നേഹത്തോടുള്ള ആദരസൂചകമായാണ് ഹോളി ദിനം ഉത്തരേന്ത്യയിൽ ആഘോഷിക്കുന്നത്.
ഹോളി ആഘോഷങ്ങൾക്ക് വ്യത്യസ്ത ഘട്ടങ്ങൾ നിലനിൽക്കുന്നതുപോലെ വ്യത്യസ്തമായ ആചാരമാണ് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഗ്രാമത്തിൽ 90 വർഷങ്ങളായി നിലനിൽക്കുന്നത്. ബീഡിലെ വിദ ഗ്രാമത്തിലാണ് ഈ വിചിത്ര ആചാരം. ഹോളി ദിനത്തിൽ ഗ്രാമത്തിലേക്ക് പുതുതായെത്തിയ പുതുമണവാളൻ ഈ ദിവസം കഴുത സവാരി നടത്തണം. പുതുമണവാളന് ഇഷ്ടമുള്ള വസ്ത്രങ്ങളും ഗ്രാമവാസികൾ നൽകും. ഏകദേശം മൂന്നോ നാലോ ദിവസമെടുത്താണ് ഗ്രാമവാസികൾ പുതുമണവാളനെ കണ്ടെത്തുന്നത്. കഴുത സവാരിയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ പുതുമണവാളനുമേൽ പ്രത്യേകമായി ഗ്രാമവാസികൾ ശ്രദ്ധ ചെലുത്തും.
പണ്ട് ഗ്രാമത്തിൽ താമസിച്ചിരുന്ന ആനന്ദ്റാവു ദേശ്മുഖ് എന്നയാളാണ് ഈ ആചാരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ മരുമകനായിരുന്നു കഴുതസവാരി ആചാരത്തിന്‍റെ ആദ്യ ഇര. ഗ്രാമവാസികൾ ഏറെ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നതിനാൽ ആനന്ദ് റാവുവിന്‍റെ ഈ വ്യത്യസ്ത ആചാരം പിന്നീട് തുടരുകയായിരുന്നു.
രാജ്യത്തെ ശൈത്യകാലത്തിന്‍റെ അവസാനവും വിളവെടുപ്പ് കാലത്തിന്‍റെ ആരംഭവും കുറിക്കുന്നതാണ് ഹോളി ആഘോഷങ്ങൾ. ഹിന്ദു വിശ്വാസ പ്രകാരം ആഘോഷിക്കുന്ന ഫൽഗുന മാസത്തിലെ പൂർണ ചന്ദ്ര ദിനത്തിലാണ് ദുലാൻടി അഥവാ ഹോളിയുടെ ആദ്യ ദിവസം ആഘോഷിക്കുക. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്ന ഹോളി കാ ദഹൻ ആചാരം ഈവർഷം മാർച്ച് 17-നായിരിക്കും നടക്കുക. നിറങ്ങൾ കൊണ്ട് ആഘോഷിക്കുന്നതിന് മുമ്പത്തെ ദിവസമാണ് ഹോളി കാ ദഹനായി ആചരിക്കുന്നത്. ഈ ദിവസം ആളുകൾ പ്രതീകാത്മക തീ കൊളുത്തുകയും അത് ചുറ്റുമുള്ള എല്ലാ തിന്മകളെയും കൊല്ലുമെന്നുമാണ് വിശ്വാസം. മാർച്ച് 18നായിരിക്കും നിറങ്ങൾ വിതറി ഹോളി ആഘോഷങ്ങൾ നടക്കുക.
ഗ്രാമത്തിന് നടുവിൽ നിന്നും ആരംഭിക്കുന്ന കഴുതസവാരി 11 മണിക്ക് ഹനുമാൻ ക്ഷേത്രത്തിൽ എത്തുന്നതോടെ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.