‘എന്നിലെ പോരാളിയെ ജീവനോടെ നിലനിർത്താൻ ജനം ആവശ്യപ്പെട്ടു; രാഷ്ട്രീയ പ്രവേശനം അനിവാര്യമായിരുന്നു’

ന്യൂഡൽഹി: രാഷ്ട്രീയത്തിൽ പ്രവേശിക്കുക എന്നത് അനിവാര്യമായിരുന്നുവെന്ന് പ്രശസ്ത ഗുസ്തി താരവും കോൺഗ്രസ് സ്ഥാനാർഥിയുമായ വിനേഷ് ഫോഗട്ട്. 2024 പാരിസ് ഒളിമ്പിക്സിന് ശേഷമുള്ള സ്ഥിതിവിശേഷങ്ങളാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. ജനങ്ങൾക്കുവേണ്ടി, അവരുടെ മക്കൾക്കുവേണ്ടി എന്നിലെ പോരാളിയെ ജീവനോടെ നിലനിർത്താൻ മുന്നിട്ടിറങ്ങണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി.

തന്‍റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നതിനെ കുറിച്ചും ഹരിയാനയെ കുറിച്ചുള്ള കാഴ്ചപ്പാടും ഇന്ത്യടുഡെ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വിനേഷ് ഫോഗട്ട് വിവരിച്ചത്. 'തെരുവിൽ ഞങ്ങൾ പോരാടി, എന്ത് നേടി? മോശം പെരുമാറ്റവും അപമാനവും മാത്രമാണ് ഞങ്ങൾക്ക് കിട്ടിയത്. ഞാൻ ഒളിമ്പിക്സിന് പോയി. എനിക്ക് നീതി ലഭിച്ചോ? ഒന്നുമില്ല. ഞങ്ങൾക്ക് ഒരിക്കലും നീതി ലഭിച്ചില്ല. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് ഒരു തെരഞ്ഞെടുപ്പായിരുന്നില്ല, മറിച്ച് അനിവാര്യതയായിരുന്നു'. ഫോഗട്ട് ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പ്രവേശനത്തിനായി ഒരു സ്ത്രീയും തെരുവിലിറങ്ങുകയോ വസ്ത്രം കീറുകയോ മുടി വലിച്ചു പൊട്ടിക്കുകയോ ചെയ്യില്ല. തന്നെ പോലെ പേരെടുത്ത, മെഡലുകൾ നേടിയ, ജനങ്ങൾക്ക് അറിയാവുന്ന കളിക്കാർക്ക് വേണമെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങാമായിരുന്നു -ഫോഗട്ട് ചൂണ്ടിക്കാട്ടി.

ആരോപണവിധേയനായ ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാൻ സമയം നൽകിയ ശേഷമാണ് രണ്ടാമത്തെ സമരത്തിന് ഗുസ്തിതാരങ്ങൾ ഇറങ്ങിയത്. എന്നാൽ, ബി.ജെ.പി ഒന്നും ചെയ്തില്ല. പാർട്ടി ബ്രിജ് ഭൂഷണിനൊപ്പം നിന്നു. ഗുസ്തിക്കാരായ ഞങ്ങളെ നുണയന്മാരായി ചിത്രീകരിച്ചു. മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ഞങ്ങളുടെ അടുത്തേക്ക് വന്നത് കോൺഗ്രസ് മാത്രമല്ല.

അത്തരത്തിൽ ചെയ്യരുതെന്ന് അപേക്ഷിച്ച് മമത ബാനർജി വിളിച്ചു. അവർ കോൺഗ്രസിൽ നിന്നുള്ള നേതാവല്ല. ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്രിവാൾ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെത്തി. പ്രതിഷേധത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവർ എത്തിയിരുന്നു. ഗുസ്തിതാരങ്ങളുടെ പ്രതിഷേധം ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ചതാണെന്ന് ബി.ജെ.പിക്ക് അവകാശപ്പെടാനാവില്ലെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി.

ഹരിയാന തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് ജനവിധി തേടുന്നത്. യോഗേഷ് ബൈരാഗിയാണ് ബി.ജെ.പി സ്ഥാനാർഥി. ഗുസ്തി താരം കവിത ദലാൽ ആണ് ആം ആദ്മി പാർട്ടി സ്ഥാനാർഥി.

Tags:    
News Summary - Vinesh Phogat says entering politics not a choice, but a necessity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.