പശുവിൻെറ പേരിൽ അക്രമം: ശക്തമായ നടപടിയെടുക്കണമെന്ന് മോദി

ന്യൂഡൽഹി: പശു സംരക്ഷണത്തിൻെറ പേരിൽ നിയമം കൈയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കാൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. പശു സംരക്ഷണത്തിന് മതപരവും രാഷ്ട്രീയപരവുമായ നിറം നൽകാൻ ശ്രമം നടക്കുന്നതായും അത് ഒരിക്കലും രാഷ്ട്രത്തിന് സഹായകരമാവില്ലെന്നും മോദി വ്യക്തമാക്കി. പശു സംരക്ഷകരെ ശക്തമായി അടിച്ചമർത്തേണ്ടതുണ്ട്. നിയമം നടപ്പാക്കൽ സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും പ്രധാനമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് കേന്ദ്രമന്ത്രി അനന്ത്കുമാർ വ്യക്തമാക്കി. ഒരു വ്യക്തിയെയോ സംഘത്തെയോ നിയമം കൈയ്യിലെടുക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞതായി കേന്ദ്രമന്ത്രി അറിയിച്ചു.

ചരക്ക് സേവന നികുതിയുമായി സഹകരിച്ചവർക്ക് യോഗത്തിൽ പ്രധാനമന്ത്രി നന്ദി പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുന്നതിന് മുമ്പായാണ് സർവകക്ഷി യോഗം ചേർന്നത്. കശ്മീർ, പശുവിന്റെ പേരിലുള്ള കൊലപാതകങ്ങൾ, ചൈനയുമായി അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷം എന്നിവ പാർലമെന്റിൽ ഉന്നയിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ കക്ഷികൾ. പശുവിൻറെ പേരിൽ ജനങ്ങളെ കൊലപ്പെടുത്തുന്നതും മാരകമായി ആക്രമിക്കുന്നതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവർത്തിച്ചതോടെയാണ് മുന്നറിയിപ്പുമായി മോദി രംഗത്തെത്തിയത്. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങൾ അനുവദിക്കാനാവില്ലെന്ന് മോദി നേരത്തേയും വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം നടന്നത്. ബംഗാളിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗം ബഹിഷ്കരിച്ചു. പറ്റ്നയില്‍ പാര്‍ട്ടി നേതൃയോഗം നടക്കുന്നതിനാൽ ജെ.ഡി.യു അംഗങ്ങളും യോഗത്തിന് എത്തിയില്ല.

Tags:    
News Summary - Violence in the name of cow can’t be tolerated: Modi at all-party meet before Parliament session india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.