നവരാത്രി ആഘോഷങ്ങളിൽ ‘ലൗ ജിഹാദ്’ നടക്കുന്നതായി വി.എച്ച്.പി; ആധാർ കാർഡ് നിർബന്ധമാക്കണം, പങ്കെടുക്കുന്നവർക്ക് 'ഗോമൂത്രം' കുടിക്കാൻ നൽകണം

നാഗ്പൂർ (മഹാരാഷ്ട്ര): നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ 'ഗർബ', 'ദണ്ഡിയ' നൃത്ത പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ആധാർ കാർഡ് നിർബന്ധമാക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി). ഹിന്ദുമതത്തിൽ വിശ്വാസമില്ലാത്തവരെ ഇത്തരം പരിപാടികളിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയാനാണ് ആധാർ നിർബന്ധമാക്കുന്നതെന്നാണ് വി.എച്ച്.പിയുടെ വിശദീകരണം.

വി.എച്ച്.പി നേതാവ് ഗോവിന്ദ് ഷിൻഡെയാണ് വിഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം ആവശ്യപ്പെടുന്നത്. നൃത്ത പരിപാടികളിൽ 'ലവ് ജിഹാദ്' നടക്കുന്നുണ്ടെന്നും 'ഗർബ', 'ദണ്ഡിയ' എന്നിവ പെൺകുട്ടികളും സ്ത്രീകളും കുടുംബങ്ങളും വലിയ തോതിൽ പങ്കെടുക്കുന്ന ആരാധനയുടെ രൂപങ്ങളാണെന്നും വിനോദമല്ലെന്നും ഷിൻഡെ പറയുന്നു.

നവരാത്രി ആഘോഷിക്കുന്നവരുടെ നെറ്റിയിൽ സംഘാടകർ 'തിലകം' ചാർത്തണം. കൈത്തണ്ടയിൽ 'കലവ' (ഹിന്ദുക്കൾ ധരിക്കുന്ന ചുവന്ന നൂൽ) കെട്ടണമെന്നും പങ്കെടുക്കുന്നവർക്ക് 'ഗോമൂത്രം' കുടിക്കാൻ നൽകണമെന്നും ഷിൻഡെ ആവശ്യപ്പെടുന്നു.

ഭഗവത് ഗീതയിലോ ഹിന്ദുമതത്തിലോ വിശ്വാസമില്ലാത്തവർ സ്ത്രീകളെ പീഡിപ്പിക്കാൻ നവരാത്രി പരിപാടികളിൽ പങ്കെടുക്കുന്നത് കഴിഞ്ഞ കുറേ വർഷങ്ങളായി കണ്ടിട്ടുണ്ടെന്നാണ് വി.എച്ച്.പി നേതാവിന്‍റെ ആരോപണം.

ഒക്‌ടോബർ 15 മുതൽ 23 വരെയാണ് ഒമ്പത് ദിവസം നീണ്ട നവരാത്രി ആഘോഷം. നവരാത്രി ആഘോഷത്തിൽ അവതരിപ്പിക്കുന്ന ഗുജറാത്തി നാടോടി നൃത്തമാണ് ഗർബ. വർണാഭമായ കോലുകൾ ഉപയോഗിച്ച് അവതരിപ്പിക്കുന്ന മറ്റൊരു നാടോടി നൃത്തരൂപമാണ് ദണ്ഡിയ.

Tags:    
News Summary - Vishwa Hindu Parishad demands Aadhaar card checks to prevent ‘love jihad’ at garba events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.