ന്യൂഡൽഹി/ബംഗളുരു: നാലു സംസ്ഥാനങ്ങളിലെ 16 രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ്. രാജസ്ഥാൻ, ഹരിയാന, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വോട്ട് മറുകണ്ടം ചാടിയേക്കാമെന്ന സംശയം ശക്തം. ഇത് പല സ്ഥാനാർഥികളുടെയും ജയപരാജയങ്ങളെ സ്വാധീനിച്ചേക്കും.
15 സംസ്ഥാനങ്ങളിലെ 57 ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിൽ 11 സംസ്ഥാനങ്ങളിൽനിന്നായി വിവിധ പാർട്ടികളിൽപെട്ട 41 സ്ഥാനാർഥികൾ ഇതിനകം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബാക്കി 16 സീറ്റിലാണ് വോട്ടെടുപ്പ്. കുതിരക്കച്ചവട സാധ്യത ഭയന്ന് രാജസ്ഥാനിൽ കോൺഗ്രസ് എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു.
സ്വതന്ത്ര സ്ഥാനാർഥികളായി രണ്ട് മാധ്യമ പ്രമുഖർ കളത്തിലിറങ്ങിയതോടെയാണ് രാജസ്ഥാനിലും ഹരിയാനയിലും തെരഞ്ഞെടുപ്പു ചിത്രം മാറിയത്. മഹാരാഷ്ട്രയിൽ ഒരു സ്ഥാനാർഥിയെക്കൂടി ബി.ജെ.പിയും എതിരാളികളായ ശിവസേനയും നിർത്തിയതും പിരിമുറുക്കം കൂട്ടി. വോട്ട് തികയില്ലെങ്കിലും കർണാടകയിലെ നാലാമത്തെ സീറ്റിലേക്ക് ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസ്, ജെ.ഡി.എസ് എന്നീ പ്രതിപക്ഷ പാർട്ടികളും മത്സരിക്കുന്നു.
'ചാക്കിട്ടുപിടിത്തം' പേടിച്ച് തങ്ങളുടെ എം.എൽ.എമാരെ ജെ.ഡി (എസ്) റിസോർട്ടിലേക്ക് മാറ്റി. രണ്ട് സീറ്റിൽ ബി.ജെ.പിക്കും ഒന്നിൽ കോൺഗ്രസിനും വിജയമുറപ്പാണ്. നാലാം സീറ്റിനായി മൻസൂർ ഖാനാണ് കോൺഗ്രസിനായി മത്സരിക്കുന്നതെങ്കിൽ റിയൽ എസ്റേറ്റ് രാജാവ് കുപേന്ദ്ര റെഡ്ഡിയാണ് ദളിനായി രംഗത്തുള്ളത്. മുൻ എം.എൽ.സിയായ ജെയ്ൻ സമുദായംഗം ലഹർ സിങ് സിരോയയെ ബി.ജെ.പിയും മത്സരിപ്പിക്കുന്നു.
അതിനിടെ, രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട്ചെയ്യാൻ അനുമതി തേടി ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലികും മുൻമന്ത്രി അനിൽ ദേശ്മുഖും നൽകിയ ഹരജി പ്രത്യേക കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.