ന്യൂഡൽഹി: വോട്ടുയന്ത്രം, വിവിപാറ്റ് എന്നിവയെക്കുറിച്ച പ്രതിപക്ഷ പാർട്ടികളുടെ പരാതിക്ക് ചെവികൊടുക്കാത്ത തെരഞ്ഞെടുപ്പു കമീഷന് വീണ്ടും ഇൻഡ്യ സഖ്യത്തിന്‍റെ കത്ത്. പ്രതിപക്ഷ പാർട്ടി പ്രതിനിധികൾക്ക് കൂടിക്കാഴ്ചക്ക് സമയം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിന് കത്തയച്ചത്.
ഇൻഡ്യ പാർട്ടികളുടെ നേതൃയോഗ തീരുമാനപ്രകാരം രണ്ടാഴ്ചമുമ്പ് കൂടിക്കാഴ്ചക്ക് വീണ്ടും സമയം ചോദിച്ചിരുന്നെങ്കിലും മറുപടി കിട്ടിയില്ലെന്ന് ജയ്റാം രമേശ് കത്തിൽ പറഞ്ഞു. യോഗത്തിന്‍റെ അഭിപ്രായം അറിയിക്കാനാണ് കമീഷൻ അംഗങ്ങളെ കാണണമെന്ന് പറഞ്ഞത്. അഞ്ചു മാസം മുമ്പ് നിവേദനം നൽകിയപ്പോഴും കാണാൻ സമയം നൽകാതെ വിശദീകരണക്കുറിപ്പ് ഇറക്കുകയാണ് കമീഷൻ ചെയ്തത്. ഉന്നയിച്ച വിഷയങ്ങൾക്കൊന്നും വ്യക്തമായ മറുപടി അതിൽ ഉണ്ടായിരുന്നില്ല -അദ്ദേഹം പറഞ്ഞു.
വോട്ടുയന്ത്രം, വിവിപാറ്റ് രസീത് എന്നിവ സംബന്ധിച്ച നിരവധി സംശയങ്ങൾ കഴിഞ്ഞമാസം നടന്ന ഇൻഡ്യ പാർട്ടികളുടെ യോഗം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.