ന്യൂഡൽഹി: വയനാട് ദുരന്തം സഭയിൽ ഉന്നയിക്കുന്നതിനിടെ, രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻകറുമായി കൊമ്പുകോർത്ത് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. വിഷയത്തിൽ ചർച്ചക്ക് അവസരം ആവശ്യപ്പെട്ട് ഖാർഗെ സംസാരിക്കാൻ തുടങ്ങിയപ്പോൾ സഭാ ചെയർമാൻ ചിരിച്ചതാണ് ഉടക്കിനിടയാക്കിയത്.
താൻ വയനാടിനെ കുറിച്ചാണ് സംസാരിച്ചതെന്നും എന്തിനാണ് ചിരിക്കുന്നതെന്നും താനെന്തു പറഞ്ഞാലും ചെയർമാൻ ചിരിക്കുന്നത് എന്തിനാണെന്നും ഖാർഗെ ചോദിച്ചു. ഇതോടെ, ഇടപെട്ട ചെയർമാൻ താനും വയനാട് വിഷയത്തിൽ ദുഃഖിതനാണെന്നും ഐക്യദാർഢ്യവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും പറഞ്ഞു. തുടർന്ന് സംസാരിച്ച ഖാർഗെ, തനിക്ക് ആ സ്ഥലത്തെ കുറിച്ച് പൂർണ വിവരമില്ല, മാധ്യമങ്ങളിൽ വായിച്ചതും അവിടെ നിന്ന് ടെലിഫോണിലൂടെ അറിഞ്ഞതും മാത്രമേ എനിക്കറിയൂ. രാത്രി രണ്ടരക്ക് നടന്ന അപകടത്തിൽ എത്രപേർ മരിച്ചു, എത്ര ആളുകളുണ്ടായിരുന്നു എന്നൊന്നും അറിയില്ല. കേരളത്തിൽ നിന്നുള്ള എം.പിയായ ജെബി മേത്തറിന് വിഷയത്തിൽ കൂടുതൽ പറയാൻ കഴിയും. അവരെ സംസാരിക്കാൻ അനുവദിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
വിഷയം രാവിലെ അറിഞ്ഞിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ ആവശ്യമായ നടപടി സീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയ ചെയർമാൻ അതിൽ ചർച്ച വേണ്ടെന്ന നിലപാടെടുത്തു. ചെയർമാനല്ല, കേന്ദ്ര സർക്കാറാണ് വിവരം നൽകേണ്ടതെന്നും ഖാർഗെ പറഞ്ഞപ്പോൾ രോഷാകുലനായ ധൻകർ മര്യാദയോടെ സംസാരിക്കണമെന്ന് തിരിച്ച് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.