ന്യൂഡൽഹി: വോട്ടുയന്ത്രത്തിൽ തിരിമറിയുണ്ടെന്ന ആരോപണങ്ങൾ ബാക്കിനിൽക്കെ, വോട്ടുരസീത് നൽകാനുള്ള വിവിപാറ്റ് യന്ത്രങ്ങൾ സ്വകാര്യ നിർമാതാക്കളിൽനിന്ന് വാങ്ങാമെന്ന കേന്ദ്രസർക്കാർ നിർദേശം തെരഞ്ഞെടുപ്പു കമീഷൻ തള്ളി. സ്വകാര്യ ഏജൻസികളെ കൂട്ടുപിടിക്കുന്നത് തെരഞ്ഞെടുപ്പു പ്രക്രിയയുടെ വിശ്വാസ്യത തകർക്കുമെന്ന് കമീഷൻ വ്യക്തമാക്കി.
വിവിപാറ്റ് യൂനിറ്റുകൾ സ്വകാര്യ ഏജൻസികളിൽനിന്ന് വാങ്ങുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ച് നിയമമന്ത്രാലയം മൂന്നുവട്ടമാണ് കമീഷന് കത്തെഴുതിയത്. 2016 ജൂലൈക്കും സെപ്റ്റംബറിനും ഇടയിലായിരുന്നു ഇത്. വളരെ സുപ്രധാനമായ ജോലി സ്വകാര്യ മേഖലക്ക് നൽകാൻ പറ്റില്ലെന്ന് മറുപടിയിൽ കമീഷൻ വിശദീകരിച്ചു. വോട്ടുയന്ത്രത്തിലെ നിർണായക ഭാഗമാണ് വിവിപാറ്റ് എന്ന് കമീഷൻ ചൂണ്ടിക്കാട്ടി. നസീം സെയ്ദിയായിരുന്നു അന്ന് മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ.
വോട്ടുയന്ത്രവും വിവിപാറ്റും തുടക്കം മുതൽ തന്നെ നിർമിക്കുന്നത് രണ്ടു പൊതുമേഖല സ്ഥാപനങ്ങളാണ്. ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ്, ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഒാഫ് ഇന്ത്യ എന്നിവ. ചെയ്ത വോട്ട് സംബന്ധിച്ച വോട്ടറുടെ സംശയം ദൂരീകരിക്കാനുള്ളതാണ് വിവിപാറ്റ്. അതിൽനിന്നു കിട്ടുന്ന രസീത് പിന്നീട് ഉണ്ടാകാവുന്ന തർക്കങ്ങളിൽ തെളിവായി ഉപയോഗപ്പെടുത്താം.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ എല്ലാ വോട്ടുയന്ത്രത്തിലും വിവിപാറ്റ് ഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തെരഞ്ഞെടുപ്പു കമീഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.