അഹമ്മദാബാദ്: പൊലീസ് തന്നെ കൊല്ലാൻ കൊണ്ടുപോവുകയാണെന്ന് ഉമേഷ് പാൽ വധക്കേസിൽ കുറ്റക്കാരനെന്ന് സംശയിക്കുന്ന മുൻ സമാജ്‍വാദി പാർട്ടി നേതാവ് ആതിഖ് അഹമ്മദ്. സബർമതി ജയിലിൽ കഴിയുന്ന ആതിഖിനെ പ്രയാഗ് രാജിലെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോകാൻ യു.പി പൊലീസ് എത്തിയിരുന്നു. അതിനായി ജയിലിൽ നിന്നിറക്കിയപ്പോഴാണ് തന്നെ കൊല്ലാനാണ് പൊലീസിന്റെ പദ്ധതിയെന്ന് ആതിഖ് മാധ്യമങ്ങളോട് ആരോപിച്ചത്.
ജയിലിൽ നിന്നിറക്കി പൊലീസ് വാനിലേക്ക് കയറ്റും മുമ്പ്, കൊല്ലപ്പെടും കൊല്ലപ്പെടും എന്ന് ഇയാൾ വിളിച്ചു പറഞ്ഞു. കൊല്ലപ്പെടുമെന്ന് ഭയക്കുന്നുണ്ടോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, ‘അവരുടെ പദ്ധതി എന്താണെന്ന് എനിക്കറിയാം. അവർക്ക് എന്നെ കൊല്ലണം. കോടതിയിൽ ഹാജരാക്കാനെന്ന പേരിൽ തന്നെ കൊല്ലാൻ കൊണ്ടുപോവുകയാണെന്ന് ആതിഖ് ആരോപിച്ചു.
ഞായറാഴ്ച രാവിലെയാണ് ആതിഖിനെ കൊണ്ടുപോകാനായി യു.പി പൊലീസ് സബർമതി ജയിലിലെത്തിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകീട്ടോടെയാണ് ആതിഖിനെ ജയിലിൽ നിന്നിറക്കിയത്. ശക്തമായ സുരക്ഷയോടെയാണ് ഇദ്ദേഹത്തെയും കൊണ്ട് പൊലീസ് യാത്ര തിരിച്ചിരിക്കുന്നത്.
മാർച്ച് 28നാണ് ആതിഖിനെ പ്രയാഗ് രാജ് സിറ്റി കോടതിയിൽ ഹാജരാക്കുക. തട്ടിക്കൊണ്ടുപോകൽ കേസിലെ വിധി പറയുന്നതിനാണ് ആതിഖിനെ ഹാജരാക്കുന്നത്.
സമാജ്‍വാദി പാർട്ടി എം.എൽ.എയായ രാജു പാലിനെ കൊന്ന കേസിലെ പ്രതിയാണ് അതിഖ്. കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലും കൊല്ലപ്പെട്ടിരുന്നു.
ഫെബ്രുവരി 24നാണ് ഉമേഷ് പാൽ കൊല്ലപ്പെട്ടത്. പ്രയാഗ് രാജിലെ വസതിക്ക് സമീപം അദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു. അതിഖ് അഹമ്മദ് സബർമതി ജയിൽവെച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയതെന്നാണ് യു.പി പൊലീസ് പറയുന്നത്.
ജയിൽമാറ്റത്തിനെതിരെ ആതിഖ് അഹമ്മദ് സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. ഗുജറാത്തിൽ നിന്നും തന്നെ യു.പിയിലേക്ക് മാറ്റുന്നത് ഏറ്റുമുട്ടലിൽ വധിക്കാനാണെന്നും അതിനാൽ ഭയമുണ്ടെന്നുമായിരുന്നു ആതിഖ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.