ബംഗളൂരു: പുതിയയിടങ്ങളിൽ താമസം മാറിയെത്തുമ്പോൾ വീടോ മുറിയോ ലഭിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. അത് കേരളത്തിന് പുറത്താണെങ്കിൽ കുറച്ചധികം വെള്ളം കുടിക്കേണ്ടിയും വരും. ഓഫീസില്‍ നിന്നും കോളേജില്‍ നിന്നുമുള്ള ദൂരം, വീടിന്‍റെ വാടക ഇവയെല്ലാം ഭാഷയറിയാതെ തരപ്പെടുത്തി കഴിഞ്ഞാൽ പിന്നെ ഉടമസ്ഥന്‍റെ ചോദ്യോത്തര വേളയാണ്. അതിൽ പല തരം ചോദ്യങ്ങൾ കേട്ടിട്ടുണ്ടാകും. കെട്ടിയതാണോ, കുട്ടിയുണ്ടോ, ജോലി സമയം.... അങ്ങനെ പലതും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ബംഗളൂരുവിലെ ഒരു വീടുടമയുടെ ചോദ്യം ഇപ്പോൾ വൈറലാകുകയാണ്.
ബംഗളൂരുവില്‍ വീട് വാടകയ്ക്ക് എടുക്കാന്‍ എത്തിയ യുവാവിനോട് ഉടമസ്ഥൻ വിദ്യാഭ്യാസ യോഗ്യതയും പഠിച്ച സ്ഥാപനങ്ങളുടെ പേരും തിരക്കുന്ന ഇടനിലക്കാരനുമായുള്ള ചാറ്റിങ്ങ് സ്ക്രീൻഷോർട്ടാണ് വൈറലാകുന്നത്. ജെയ്ൻ എന്ന യുവാവാണ് ഈ സ്ക്രീൻഷോർട്ട് ട്വിറ്ററിൽ പങ്കുവെച്ചത്. ഐ.ഐ.ടി., ഐ.ഐ.എം., ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് തുടങ്ങിയവയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയായവര്‍ക്ക് മാത്രമെ ഈ വീട്ടുടമസ്ഥന്‍ വീട് വാടകയ്ക്ക് നല്‍കൂവെന്ന് ജയ്ൻ ആരോപിച്ചു. 'ബംഗളൂരുവിലെ ഫ്‌ളാറ്റ് ഉടമസ്ഥരേ, നിങ്ങള്‍ എന്തിനാണ് ഇങ്ങിനെ ചെയ്യുന്നത്' എന്ന് യുവാവ് ചോദിക്കുന്നു.
ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ഇത്തരം അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. കൂടാതെ വീട്ടുടമസ്ഥന്റെ നടപടിയില്‍ അത്ഭുതപ്പെടാന്‍ ഇല്ലെന്നും ബംഗളൂരുവില്‍ വീട് വാടകയ്ക്ക് എടുക്കുമ്പോള്‍ ഇങ്ങനെയുള്ള ചോദ്യങ്ങൾ സാധാരണമാണെന്നും ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.