ന്യൂഡല്‍ഹി: സംഘര്‍ഷം തുടരുന്ന ലഡാക്കിലെ അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പടനീക്കം. ഏതാനും ദിവസങ്ങളായി ചൈന അധീനപ്പെടുത്തിയ കുന്നുകളില്‍നിന്ന് ഇന്ത്യന്‍ സേനയെ തുരത്താന്‍ ചൈന ആകാശത്തേക്ക് വെടിവെച്ചു. പ്രകോപനമുണ്ടായ പങോങ് തടാകത്തിെൻറ തെക്കന്‍ തീരത്ത് 7000 ഇന്ത്യന്‍ ഭടന്മാരും ടാങ്കുകളും തമ്പടിച്ചിരിക്കുകയാണ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സൈനിക, നയതന്ത്ര, രാഷ്ട്രീയ തലങ്ങളില്‍ നീക്കം നടക്കുമ്പോഴാണ് ചൈന വീണ്ടും പ്രകോപനപരമായ യുദ്ധതന്ത്രം പ്രയോഗിക്കുന്നത്.
പങോങ് തടാക തീരത്ത് ചൈനയുടെ പീപ്ള്‍സ് ലിബറേഷന്‍ ആര്‍മി ആകാശത്തേക്ക് വെടിയുതിർത്തെന്നും രാജ്യത്തിനകത്തും പുറത്തും അവര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും ഇന്ത്യന്‍ സേന കുറ്റപ്പെടുത്തി. യഥാര്‍ഥ നിയന്ത്രണരേഖ ഇന്ത്യ അതിക്രമിച്ചു കടന്നിട്ടില്ല. അത്യധികം പ്രകോപനമുണ്ടായിട്ടും സ്വയം നിയന്ത്രിച്ച് പക്വതയോടും ഉത്തരവാദിത്തബോധത്തോടും കൂടിയാണ് തങ്ങള്‍ പെരുമാറിയതെന്ന് സൈന്യം തുടര്‍ന്നു.
തന്ത്രപ്രധാനമായ കുന്നുകളില്‍ ഇന്ത്യയുടെയും ചൈനയുടെയും ഭടന്മാര് പരസ്പരം വെടിവെക്കാവുന്ന ദൂരത്തെത്തിയിട്ടുണ്ട്. മുഖ്പാരിക്ക് അടുത്തുള്ള സ്ഥാനത്ത് ചൈനീസ് ഭടന്മാര് നിലയുറപ്പിച്ചത് കണ്ട് ഒച്ചവെച്ച ഇന്ത്യന്‍ ഭടന്മാര് ആയുധങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. ഇതിനു മറുപടിയെന്നോണം മുന്നറിയിപ്പായി ചൈനീസ് സൈനികര്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
ഇന്ത്യന്‍ സേന നിലയുറപ്പിച്ച നാല് സ്ഥാനങ്ങളിലൊന്നിലേക്ക് വന്നത് ചൈനയാണെന്നും അവര്‍ അടുത്തേക്ക് വരാന്‍ ശ്രമിക്കുകയായിരുെന്നന്നും ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. സമാധാനവും സ്വാസ്ഥ്യവും നിലനിര്‍ത്താന്‍ ഇന്ത്യന്‍ സേന പ്രതിജ്ഞാബദ്ധമാണ്. അതേസമയം, ദേശീയ അഖണ്ഡതയും പരമാധികാരവും എന്തു വില കൊടുത്തും സംരക്ഷിക്കാൻ സജ്ജമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സൈന്യമാണ് ആകാശത്തേക്ക് വെടിയുതിര്‍ത്തതെന്നാണ് ചൈന തിങ്കളാഴ്ച രാത്രി ആരോപിച്ചത്. അതിനെ നേരിടാനുള്ള നടപടിയാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അവര്‍ അവകാശപ്പെട്ടു. അപകടകരമായ നീക്കങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഇന്ത്യയോട് അപേക്ഷിച്ച ചൈന വെടിയുതിര്‍ത്ത ഇന്ത്യന്‍ സൈനികനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
14,000 അടി ഉയരത്തിലുള്ള പങോങ് മഞ്ഞു തടാകക്കരയില്‍ ആഗസ്റ്റ് 29നും 31നും ചൈനയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായിരുന്നു. അതിര്‍ത്തിയിലെ തല്‍സ്ഥിതി മാറ്റാന്‍ ചൈന ശ്രമിക്കുകയാണെന്നും ഇന്ത്യ അതു നേരിടാൻ തയാറെടുക്കുകയാണെന്നും സൈന്യം പറഞ്ഞു. ആഗസ്റ്റ് 31ന് പകലാണ് ഇന്ത്യയുടെ കൈവശമുള്ള കുന്നുകള്‍ പിടിച്ചടക്കാന്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് സേന വളഞ്ഞത്. 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ജൂണ്‍ 15ലെ ഗല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനു ശേഷം അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമാണ്. അതില്‍ ചൈനക്കും ആള്‍നാശമുണ്ടായെങ്കിലും എത്രപേരാണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.