ഭോപാൽ: കനത്ത മഴയിൽ പാലം തകർന്ന് ഒലിച്ചുപോയി. മധ്യപ്രദേശിലെ ഡാറ്റിയ ജില്ലയിലാണ് സംഭവം. ദിവസങ്ങളായി തുടരുന്ന മഴയിൽ അപകടകരമായി ജലനിരപ്പ് ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മണിഖേഡ പാലം തകർന്നത്. ഭാഗങ്ങളായി വെള്ളത്തോടൊപ്പം ഒലിച്ചുപോകുന്ന വിഡിയോ വൈറലാണ്.
മധ്യപ്രദേശിലെ പ്രധാന നഗരമായ ഗ്വാളിയോറുമായി ഡാറ്റിയ ജില്ലയെ ബന്ധിപ്പിക്കുന്ന മൂന്നു പാലങ്ങളിലൊന്നാണ് തകർന്നത്. സമീപത്തെ അണക്കെട്ടിന്‍റെ 10 ഗേറ്റുകളും തുറന്നിരുന്നതായും പ്രളയബാധിത മേഖലകളിലുള്ളവരെ മാറ്റിത്താമസിപ്പിച്ചതായും മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ പറഞ്ഞു. ഇതേ പാലത്തിലാണ് 2013ൽ 115 തീർഥാടകർ അപകടത്തിൽപെട്ട് മരിച്ചിരുന്നത്. പ്രശസ്തമായ ദുർഗ ക്ഷേത്രം സ്ഥിതി ചെയ്യുന്ന രതൻഗഢ് നഗരത്തിലേക്കുള്ള പ്രധാന മാർഗമാണ് ഈ പാലം.
ദിവസങ്ങളായി കനത്തുപെയ്യുന്ന മഴ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളിലൊന്നാണ് ഗ്വാളിയോർ. വ്യോമസേനയുടെ സഹായത്തോടെയാണ് ഇവിടെ രക്ഷാ പ്രവർത്തനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.