'കെ.കെ വല്ലാതെ വിയർത്തിരുന്നു, എ.സി പ്രവർത്തിക്കുന്നില്ലെന്ന് പരാതി പറയുന്നുണ്ടായിരുന്നു'- അവസാന ഷോയുടെ വിഡിയോ പങ്കുവെച്ച് ആരാധകർ

ന്യൂഡൽഹി: പ്രശസ്ത ഗായകൻ കെ.കെയുടെ മരണത്തിന്‍റെ ഞെട്ടലിലാണ് ആരാധകർ. ദക്ഷിണ കൊൽക്കത്തയിലെ നസ്‌റുൽ മഞ്ചിൽ ഗുരുദാസ് കോളജ് സംഘടിപ്പിച്ച സംഗീതപരിപാടി കഴിഞ്ഞ് തിരിച്ചെത്തിയ കെ.കെ ഹോട്ടലിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കെ.കെയുടെ അവസാന സംഗീത പരിപാടിയുടെ വിഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

സംഗീത പരിപാടിക്കിടെ കെ.കെ അസാധാരണമായി വിയർത്തിരുന്നതായി കാണികൾ ചൂണ്ടിക്കാട്ടുന്നു. കെ.കെ ടവൽ കൊണ്ട് മുഖം തുടയ്ക്കുന്നതും സംഘാടകരോട് എ.സി പ്രവർത്തിക്കുന്നില്ലെന്ന് പറയുന്നതുമായ വിഡിയോയും ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പരിപാടി സംഘടിപ്പിച്ച വേദി ഓപ്പൺ ഓഡിറ്റോറിയം ആയിരുന്നില്ലെന്നും എ.സി പ്രവർത്തിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. ഓഡിറ്റോറിയത്തിനുള്ളിൽ നല്ല തിരക്കുണ്ടായിരുന്നതായും അവർ സൂചിപ്പിച്ചു. സംഘാടകരുടെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചകളുണ്ടായതായും അവർ കുറ്റപ്പെടുത്തി.

ഹൃദയസ്തംഭനമാണ് കെ.കെയുടെ മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ മുഖത്തും തലയിലുമുണ്ടായിരുന്ന മുറിവുകൾ ഉദ്ധരിച്ച് അസ്വാഭാവിക മരണത്തിന് കൊൽക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്. കെ.കെയുടെ പോസ്റ്റുമോർട്ടം ഇന്ന് കൊൽക്കത്ത എസ്.എസ്.കെ.എം ആശുപത്രിയിൽ നടത്തും. കെ.കെ കുഴഞ്ഞുവീണ ഗ്രാൻഡ് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും. ജീവനക്കാരെയും സംഗീതപരിപാടിയുടെ സംഘാടകരെയും വിശദമായി ചോദ്യംചെയ്യും. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം കൃത്യമായ മരണകാരണം വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.

മലയാളിയായ കൃഷ്ണകുമാർ കുന്നത്ത് എന്ന കെ.കെ (53) ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 700 ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലെ തടപ്പ് തടപ്പ്, തമിഴ് ഗാനം "അപാഡി പോഡു", ദേവദാസിലെ "ഡോലാ രേ ഡോല, വോ ലംഹേയിലെ "ക്യാ മുജെ പ്യാർ ഹേ" എന്നിവ കെകെയുടെ ജനപ്രിയ ഗാനങ്ങളാണ്. ഓം ശാന്തി ഓമിലെ 'ആങ്കോൻ മേ തേരി", ബച്ച്‌ന ഏ ഹസീനോയിലെ "ഖുദാ ജാനേ", ആഷിഖി 2 ലെ "പിയാ ആയേ നാ" എന്നീ ഗാനങ്ങളും ആസ്വാദകർ ഏറ്റെടുത്തവയാണ്.

Tags:    
News Summary - Watch video: Fans claim KK was 'sweating badly', complained about AC not working during last performance before death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.