റാഞ്ചി: ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളിൽ പലരും ആദ്യ ദിവസങ്ങളിൽ വിശപ്പും ദാഹവുമടക്കിയത് അരിയുടെ പൊരി കഴിച്ചും പാറകളിൽനിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം നക്കിക്കുടിച്ചും.
ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിലെ സിൽക്യാര തുരങ്കത്തിന്റെ ഒരുഭാഗം നവംബർ 12 ന് പുലർച്ച തകർന്ന് ഉള്ളിൽപെട്ടതോടെ എല്ലാ പ്രതീക്ഷയും തകർന്നെന്നും ഝാർഖണ്ഡിൽനിന്നുള്ള അനിൽ ബേദിയ പറഞ്ഞു. ‘നിലവിളിപോലും പുറത്തേക്ക് വന്നില്ല. തുരങ്കത്തിൽ കുഴിച്ചുമുടപ്പെടുമെന്ന് എല്ലാവരും കരുതി.
ആദ്യ രണ്ട് ദിവസങ്ങളിൽ എല്ലാ പ്രതീക്ഷയും നശിച്ചു’ - ഉത്തരാഖണ്ഡിൽനിന്ന് വാർത്ത ഏജൻസിയുമായുള്ള ഫോൺ സംഭാഷണത്തിൽ ബേദിയ പറഞ്ഞു. ആദ്യത്തെ പത്ത് ദിവസമാണ് മുരി എന്നറിയപ്പെടുന്ന പൊരി കഴിച്ച് വിശപ്പടക്കിയത്. റാഞ്ചിക്കടുത്തുള്ള ഖിരാബേഡ ഗ്രാമത്തിൽനിന്ന് അനിൽ ബേദിയ അടക്കം 13 പേരാണ് ഈ മാസം ഒന്നിന് ഉത്താഖണ്ഡിൽ റോഡുപണിക്കായി എത്തിയത്. ഭാഗ്യവശാൽ, മൂന്നുപേർ മാത്രമാണ് ദുരന്തസമയത്ത് തുരങ്കത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയ 41 തൊഴിലാളികളിൽ 15 പേരും ഝാർഖണ്ഡുകാരാണ്. തുരങ്കത്തിൽ കുടുങ്ങി, 70 മണിക്കൂറിനുശേഷം രക്ഷാപ്രവർത്തകർ ബന്ധം സ്ഥാപിച്ചപ്പോൾ അതിജീവനത്തെക്കുറിച്ച് ആദ്യമായി പ്രതീക്ഷ കൈവന്നെന്ന് ബേദിയ പറഞ്ഞു.
പത്ത് ദിവസങ്ങൾക്കുശേഷം വാഴപ്പഴം, ആപ്പിൾ, ഓറഞ്ച് , ചോറ്, പരിപ്പ് കറി, ചപ്പാത്തി എന്നിവയും വെള്ളവും എത്തിച്ചതോടെ ആശ്വാസമായി. പെട്ടെന്ന് രക്ഷപ്പെടുത്തണേയെന്ന് തങ്ങൾ എല്ലാവരും തീവ്രമായി പ്രാർഥിക്കാറുണ്ടായിരുന്നെന്നും ഒടുവിൽ ദൈവം കേട്ടെന്നും ബേദിയ ഓർമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.