ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാകില്ല; നിർണായക തീരുമാനങ്ങളിലെല്ലാം ഘടക കക്ഷികൾ കനിയണം

ന്യൂഡൽഹി: സമ്പൂർണ അധികാരത്തിനായി പാർട്ടികൾ സ്വപ്നം കാണുന്ന 272 എന്ന മാജിക്കൽ നമ്പറിലെത്താൻ സാധിക്കാതിരുന്ന ബി.ജെ.പിയുടെ തേരോട്ടത്തിന് കടിഞ്ഞാൺ വീണ ഭരണകാലമാകും ഇനി വരാനിരിക്കുന്നത്. മോദിയുടെ നേതൃത്വത്തിൽ വീണ്ടും തെരഞ്ഞെടുപ്പിനെത്തിയ ബി.ജെ.പിക്ക് നേടാനായത് 240 സീറ്റുകൾ മാത്രം. അതിനാൽ, നിർണായക തീരുമാനങ്ങളിലെല്ലാം ഇനി ഘടക കക്ഷികളുടെ കനിവ് തേടേണ്ടിവരും. ‘പാലംവലി’ നടക്കുമോ എന്ന ഭയത്തിലാകും ഇനിയുള്ള എൻ.ഡി.എ ഭരണമെന്നുറപ്പ്.

എൻ.ഡി.എക്ക് 292 സീറ്റുണ്ടെങ്കിലും ഭരണമുറപ്പിക്കുന്നതിൽ പ്രധാനികളായ ജെ.ഡി.(യു)വിന്റെയും ടി.ഡി.പിയുടെയും നിലപാടുകളാകും കേന്ദ്ര നയങ്ങളിൽ നിർണായകമാവുക. ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി നേടിയത് 16 സീറ്റുകളാണ്. ബിഹാറിൽ നിതീഷ് കുമാറിന്റെ ജെ.ഡി (യു)വിന് 12 സീറ്റുണ്ട്. എൻ.ഡി.എയിലെ മറ്റു കക്ഷിനില: എൽ.ജെ.പി-അഞ്ച്, ശിവ് സേന (ഏക്നാഥ് ഷിൻഡെ)-ഏഴ്, ആർ.എൽ.ഡി-രണ്ട്, ജെ.ഡി (എസ്)-രണ്ട്.

തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം നില മെച്ചപ്പെടുത്തിയതോടെ, ‘ഇൻഡ്യ’ നേതാക്കൾ നായിഡുവിനെയും നിതീഷിനെയും സമീപിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മറുകണ്ടം ചാടൽ പതിവാക്കിയ പാരമ്പര്യമുള്ള നിതീഷിനെ ആർക്കും വലിയ വിശ്വാസമില്ല. ‘ഇൻഡ്യ’ സഖ്യം വിടുന്നതുവരെ പ്രതിപക്ഷത്തുനിന്നുള്ള പ്രധാനമന്ത്രി സ്ഥാനാർഥിയായി പോലും നിതീഷിനെ കണ്ടിരുന്നു. നിലവിൽ എൻ.ഡി.എയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് ജെ.ഡി (യു) എങ്കിലും നിതീഷിന്റെ ‘നിറംമാറൽ’ എപ്പോൾ സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവാത്തതിനാൽ, മന്ത്രിസഭക്കു മുകളിലുള്ള വാളായി അദ്ദേഹത്തിന്റെ പാർട്ടിയുടെ സാന്നിധ്യം മാറും.

ടി.ഡി.പിയും രണ്ടു മുന്നണികളിലും നിന്ന ചരിത്രമുള്ള പാർട്ടിയാണ്. കിങ് മേക്കറായി മാറിയ ചന്ദ്രബാബു നായിഡു പല പ്രധാന വകുപ്പുകളും ആവശ്യപ്പെടാനിടയുണ്ട്. ഇത് വലിയ തോതിലുള്ള വിലപേശലുകൾക്ക് വഴിയൊരുക്കും. അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് റാം വിലാസ് പസ്വാന്റെ മകനായ ചിരാഗ് പസ്വാൻ നയിക്കുന്ന എൽ.ജെ.പിക്ക് അർഹമായത് കിട്ടുന്നില്ല എന്ന തോന്നലുണ്ടായാൽ അവർക്കും ‘ഇൻഡ്യ’ സഖ്യത്തിലെത്താൻ പ്രയാസമുണ്ടാകില്ല. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ഒമ്പത് സീറ്റിനുമുന്നിൽ നിഷ്പ്രഭനായ അവസ്ഥാണ് ഷിൻഡെക്ക്. തന്റെ ഒപ്പമുള്ള എം.പിമാർ തരം കിട്ടിയാൽ ഉദ്ധവിനടുത്തേക്ക് മടങ്ങുമെന്ന ഭീതിയും അദ്ദേഹത്തിനുണ്ട്.

സീറ്റ് അധികം കൈയിലില്ലെങ്കിലും മന്ത്രിസ്ഥാനത്തിനുള്ള പിടിവലിയിൽ ആർ.എൽ.ഡിയും ജെ.ഡി.എസും മുൻപന്തിയിലുണ്ടാകും. സർക്കാറുണ്ടാക്കാനായാലും ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടകളായ ഏക സിവിൽകോഡ്, ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ തുടങ്ങിയവ നടപ്പാക്കാൻ എളുപ്പം സാധിക്കില്ല. ഉത്തരാഖണ്ഡിൽ ഏകസിവിൽ കോഡ് നടപ്പാക്കിയ ബി.ജെ.പി തങ്ങൾക്ക് അധികാരമുള്ള മറ്റ് സംസ്ഥാനങ്ങളിലും സമാന നടപടിക്ക് ഒരുങ്ങുകയാണ്. എന്നാൽ, ലോക്സഭയെ തന്നിഷ്ടപ്രകാരം കൊണ്ടുപോകാനുള്ള ഭൂരിപക്ഷമില്ലാത്തതിനാൽ, ഏകസിവിൽ കോഡ് പ്രയാസമാകും. ആന്ധ്രക്ക് പ്രത്യേക പദവിയെന്ന ആവശ്യത്തിലാണ് 2018ൽ ടി.ഡി.പി ബി.ജെ.പിയുമായി വഴിപിരിഞ്ഞത്. ഈ ആവശ്യം നായിഡു വീണ്ടും ഉന്നയിക്കുമോ എന്നതും വ്യക്തമല്ല.

Tags:    
News Summary - Ways are not easy for BJP anymore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.