'ആന എവിടെയാണെന്ന് നിങ്ങളെന്തിന് അറിയണം?'; അരിക്കൊമ്പന് വേണ്ടിയുള്ള ഹരജിക്ക് പിഴയിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: അരിക്കൊമ്പനുമായി ബന്ധപ്പെട്ട് തുടർച്ചയായി ഹരജികൾ സമർപ്പിക്കുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. എല്ലാ ആഴ്ചയും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹരജി ഫയൽ ചെയ്യുകയാണെന്നും ഇതിനാൽ പൊറുതിമുട്ടിയിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

മൃഗസ്നേഹികളുടെ സംഘടനയായ വാക്കിങ് ഐ ഫൗണ്ടേഷൻ സമർപ്പിച്ച ഹരജിയാണ് ഇന്ന് തള്ളിയത്. അരിക്കൊമ്പൻ എവിടെയാണെന്നോ ജീവനോടെയുണ്ടെന്നോ എങ്കിലും അറിയണമെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, കാട്ടിൽ കഴിയുന്ന ആന എവിടെയാണെന്ന് നിങ്ങൾ എന്തിനാണ് അറിയുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. കഴിഞ്ഞ ദിവസവും ഒരു ഹരജി തള്ളിയെന്നും ഹരജിയുമായി ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.


എന്നാൽ, ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയൽ ചെയ്യുന്ന ഹർജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ വിമർശിച്ചതോടെ കോടതി 25,000 രൂപ പിഴയിടുകയായിരുന്നു.

ഒന്നിലധികം തവണ മയക്കുവെടിയേറ്റ ആനയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും ആനയുടെ ശരീരത്തിന്‍റെ നിരവധി ഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയാണ്. ആ സാഹചര്യത്തില്‍ അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കരുതെന്നായിരുന്നും ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - We are tired of PILs on Arikomban Supreme Court on PIL to know rogue elephant's whereabouts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.