തെലങ്കാനയിൽ ഇത്തവണ തൂക്കുസഭയെന്ന് രാജ സിങ്: ‘25 സീറ്റിൽ ബി.ജെ.പി ജയിച്ചാൽ ഞങ്ങൾ മന്ത്രിസഭയുണ്ടാക്കും’

ഹൈദരാബാദ്: തെലങ്കാനയിൽ ഇത്തവണ തൂക്കുസഭയാണ് ഉണ്ടാവുകയെന്നും 25 സീറ്റിൽ ബി.ജെ.പി ജയിച്ചാൽ തങ്ങൾ മന്ത്രിസഭയുണ്ടാക്കുമെന്നും വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധിയാർജിച്ച ബി.ജെ.പി നേതാവ് ടി. രാജ സിങ്. വ്യാഴാഴ്ചയാണ് 119 അംഗ തെലങ്കാന നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പുഫലം നാളെ പ്രഖ്യാപിക്കും. ഭരണം ലഭിക്കാൻ 60 സീറ്റാണ് വേണ്ടത്.

ബി.ആർ.എസിലെ നിരവധി എം.എൽ.എമാർ ബി.ജെ.പിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ തങ്ങളുമായി സഹകരിക്കുമെന്നും രാജ സിങ് അവകാശപ്പെട്ടു. 'ഞാൻ വളരെയധികം ആത്മവിശ്വാസത്തിൽ ആണ്. എന്റെ മണ്ഡലത്തിൽ ഞാൻ വിജയിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ട്. ബി.ജെ.പി 25 സീറ്റുകളിൽ വിജയം ഉറപ്പിക്കും. അങ്ങനെ സംഭവിച്ചാൽ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ജി. കിഷൻ റെഡ്ഡിയുമായും ബണ്ഡി സഞ്ജയുമായും അടുപ്പമുള്ള നിരവധി ബി.ആർ.എസ് എം.എൽ.എമാരുണ്ട്. അവർക്ക് ബി.ജെ.പി അംഗത്വം നൽകി തെലങ്കാനയിൽ സർക്കാർ രൂപവത്കരിക്കാൻ ഞങ്ങൾക്ക് സാധിക്കും' -രാജ സിങ് പറഞ്ഞു.

തങ്ങൾക്ക് പ്രതീക്ഷിച്ച സീറ്റ് ലഭിച്ചില്ലെങ്കിൽ കോൺഗ്രസും ബി.ആർ.എസും ചേർന്നാവും സർക്കാർ രൂപീകരിക്കുക. ‘ബി.ആർ.എസും കോൺഗ്രസും ചേർന്ന് ഒരുമിച്ച് സർക്കാർ രൂപീകരിക്കാനാണ് സാധ്യത. ബി.ആർ.എസിന് ഭൂരിപക്ഷത്തിൽ കുറവുണ്ടാകും. തെലങ്കാനയിൽ മുഖ്യമന്ത്രി കെ.സി.ആറിന്റെ തുടർഭരണം ഇനിയുണ്ടാകില്ല. ഡിസംബർ 4 ന് മന്ത്രിസഭായോഗം ചേരുമെന്നത് അദ്ദേഹത്തിന്റെ വ്യാമോഹമാണ്’ -എക്സിറ്റ് പോൾ പ്രവചനം പുറത്തുവന്നതിന് പിന്നാലെ രാജ സിങ് പറഞ്ഞു.

'എല്ലാ തെരഞ്ഞെടുപ്പിന് ശേഷവും എക്സിറ്റ് പോളുകൾ വരാറുണ്ട്. എന്നാൽ ഫലം വരുമ്പോൾ നേർ വിപരീതമായിരിക്കും. ഇത്തവണ ആർക്കും കേവലഭൂരിപക്ഷം ഉണ്ടാവില്ല. തെലങ്കാനയിൽ തൂക്കുസഭയായിരിക്കും. തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ച കോൺഗ്രസും ബി.ആർ.എസും ചേർന്ന് സർക്കാർ രൂപീകരിക്കുമെന്നാണ് ഞാൻ കരുതുന്നത്’ -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - we can even form the government - T Raja singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.