ന്യൂഡൽഹി: ഡൽഹിയിൽ നിന്നു ജബൽപൂരിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനത്തിനകത്ത് പുക ഉയർന്നതോടെ അടിയന്തര ലാൻഡിങ് നടത്തിയതിന് പിന്നാലെ പ്രതികരണവുമായി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ.
വിമാനം പറന്നുയർന്ന് രണ്ടോ മൂന്നോ മിനിറ്റുകൾക്ക് ശേഷം ക്യാബിനുള്ളിൽ എന്തോ മണം അനുഭവപ്പെട്ടതായി സൗരഭ് ഛബ്ര എന്ന യാത്രക്കാരൻ പറഞ്ഞു. പിന്നാലെ ചിലർക്ക് ശ്വസിക്കാൻ കഴിഞ്ഞില്ല. ഇതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായി തുടങ്ങിയിരുന്നു. ശേഷം വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിമാനം 5000 അടി പിന്നിട്ടപ്പോഴാണ് കാബിനിൽ പുക ഉയരുന്നത് ജീവനക്കാർ ശ്രദ്ധിച്ചത്. ക്യാബിൻ ക്രൂ ഉടൻ തന്നെ കോക്പിറ്റ് ജീവനക്കാരെ വിവരമറിയിച്ചു. പക്ഷെ പരിശോധനയിൽ കേടുപാടുകളുടെ സൂചനയൊന്നും ലഭിച്ചില്ല.
ക്യാബിനിലുടനീളം പുക ഉണ്ടായിരുന്നെന്നും കുട്ടികളും മുതിർന്ന പൗരന്മാരും ശ്വാസ തടസ്സം അനുഭവപ്പെട്ട് തുടങ്ങിയപ്പോൾ ചുമക്കാൻ തുടങ്ങിയെന്നും സൗരഭ് പറഞ്ഞു. വിമാനത്തിൽ വെച്ച് ആരെങ്കിലും സിഗരറ്റ് വലിച്ചതാകാം പുകക്ക് കാരണമെന്നാണ് ജീവനക്കാർ ആദ്യം യാത്രക്കാരോട് പറഞ്ഞത്. പക്ഷെ അതിന് സാധ്യതയില്ലെന്നും കാരണം മറ്റെന്തെങ്കിലുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.