ജനീവ: ജനാധിപത്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് ഐക്യരാഷട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്. ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരുപാട് വർഷത്തെ പഴക്കമുണ്ടെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് പ്രധാനപങ്കുണ്ടെന്നും രുചിര കാംബോജ് പറഞ്ഞു. സുരക്ഷാ സമിതിയുടെ ഡിസംബർ മാസത്തിലെ അധ്യക്ഷ സ്ഥാനം ഏറ്റടുത്ത ശേഷം യു.എൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് രുചിരയുടെ പരാമർശം.
'ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതയാണ് ഇന്ത്യയുടേത്. നിയമനിർമാണം, ഭരണനിർവഹണം, നീതിന്യായം എന്നിവ ജനാധ്യപത്യത്തിന്‍റെ തൂണുകളാണ്. മാധ്യമങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്ത നാലാം തൂണാണ്, ഇന്ന് സമൂഹമാധ്യമങ്ങളും. അതുകൊണ്ടാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി മാറുന്നത്.' -രുചിര പറഞ്ഞു. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ജനാധിപത്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് തങ്ങളോട് പറയേണ്ടതില്ല എന്നായിരുന്നു രുചിര കാംബോജിന്‍റെ മറുപടി.
ഇന്ത്യയിൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്രമുണ്ടെന്നും രാജ്യം അതിവേഗം പരിഷ്കരികരിക്കപ്പെടുകയും പരിവർത്തനപ്പെടുകയും മാറ്റങ്ങളെ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാവുന്ന ആദ്യ വനിതയാണ് രുചിര കാംബോജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.