അഗർത്തല: അതിർത്തിയിൽ വേലി നിർമാണത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്ന മൂന്ന് തൊഴിലാളികളെ തട്ടിക്കൊണ്ടുപോയ ത്രിപുരയിലെ വിഘടനവാദ സംഘടനയായ നാഷണൽ ലിബറേഷൻ ഫ്രണ്ടിന് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവിന്‍റെ മുന്നറിയിപ്പ്. സർജിക്കൽ സ്ട്രൈക്ക് നടത്താൻ നല്ലപോലെ അറിയാമെന്നും തൊഴിലാളികളെ മോചിപ്പിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാറിനെ പോലെയാണ് ത്രിപുര സർക്കാറും. പാകിസ്താനിൽ സർജിക്കൽ സ്ട്രൈക്ക് നടത്താൻ പ്രധാനമന്ത്രിക്ക് അറിയാവുന്നതുപോലെ സർജിക്കൽ സ്ട്രൈക്ക് നടത്താൻ ത്രിപുര സർക്കാറിനും അറിയാം. കലാപത്തിന് ഒരുങ്ങുന്നവർ ആ മാർഗം ഉപേക്ഷിച്ചില്ലെങ്കിൽ ഒരു വർഷത്തിനകം എല്ലാവരും അറസ്റ്റിലാകും -കല്യാൺപൂർ കൂട്ടക്കൊലയുടെ വാർഷികദിന പരിപാടിയിൽ ബിപ്ലബ് ദേബ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി അതിർത്തിയുടെ ഇരുകരകളിലും ഏകോപിത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികളുമായും ബംഗ്ലാദേശ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ത്രിപുരയിലെ വിഘടനവാദി സംഘടനയാണ് നാഷണൽ ലിബറേഷൻ ഫ്രണ്ട്. ഇന്ത്യയിൽ നിന്ന് വേർപ്പെട്ട് ത്രിപുര പ്രത്യേക രാജ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.