ചെന്നൈ: അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയിൽ കഴിയുേമ്പാൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് അണ്ണാ ഡി.എം.കെ അസത്യങ്ങൾ പ്രചരിപ്പിച്ചെന്നും ഇതിന് പ്രവർത്തകരോട് മാപ്പിരക്കുന്നുവെന്നും വനം മന്ത്രി ദിണ്ഡിഗൽ ശ്രീനിവാസൻ. ജയലളിത ചായ കുടിച്ചു, സാമ്പാറും ചട്നിയും കൂട്ടി ഇഡലി കഴിച്ചു തുടങ്ങിയ പ്രചാരണങ്ങൾ ജനത്തെ കബളിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നും അതിൽ മാപ്പുചോദിക്കുന്നുവെന്നും മധുരയിൽ െപാതുപരിപാടിയിലാണ് മന്ത്രിയുടെ കുറ്റസമ്മതം. ഇതോടെ, മരണം സംബന്ധിച്ച ദുരൂഹത വർധിച്ചു.
നേതാക്കൾ പറഞ്ഞതെല്ലാം നിങ്ങൾ വിശ്വസിച്ചെന്നും എന്നാൽ, ജയലളിത കുടിക്കുന്നതോ കഴിക്കുന്നതോ ആരും കണ്ടിട്ടില്ലെന്നും ശശികലയും ബന്ധുക്കളും പറഞ്ഞ അറിവേ ഉണ്ടായിരുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. ‘ജയലളിത സുഖംപ്രാപിക്കുന്നതായി ശശികലയുടെ ബന്ധുക്കളാണ് നേതാക്കളോട് പറഞ്ഞുകൊണ്ടിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടശേഷം ജയയെ കാണാൻ ആരെയും അനുവദിച്ചിരുന്നില്ല. യഥാർഥത്തിൽ ശശികലയെ ഭയന്ന പാർട്ടി േനതാക്കൾ ആരോഗ്യത്തെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജയയുടെ സമീപത്തേക്ക് ആെരയും കടത്തിവിട്ടിരുന്നില്ല. എന്നാൽ, ശശികലക്കും ബന്ധുക്കൾക്കും നിയന്ത്രണങ്ങൾ ബാധകമല്ലായിരുന്നു’ -ശ്രീനിവാസൻ പറഞ്ഞു.
ശശികലയുടെ അടുത്ത ആളായിരുന്ന ദിണ്ഡിഗൽ ശ്രീനിവാസൻ മുമ്പ് അവർക്കുവേണ്ടിയാണ് സംസാരിച്ചിരുന്നത്. ജയ ആശുപത്രിയിലായിരിക്കെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും ഇഡലി കഴിക്കുന്നത് കണ്ടെന്നും ശ്രീനിവാസൻ നേരത്തേ പറഞ്ഞിരുന്നു. പാർട്ടിയിൽ പന്നീർസെൽവം കലാപമുയർത്തിയതിന് പിന്നാലെ പന്നീർസെൽവം വെറുതെ പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് എന്തുകൊണ്ട് മരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചില്ലെന്നും ശ്രീനിവാസൻ ചോദിച്ചിരുന്നു.
അതേസമയം, ജയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമീഷന് മുന്നിൽ തെളിവുകൾ നൽകാൻ സന്നദ്ധമാണെന്ന് ശശികലയുടെ സഹോദര പുത്രനും വിമത നേതാവുമായ ടി.ടി.വി. ദിനകരൻ പറഞ്ഞു. അണുബാധ സാധ്യതയുള്ളതിനാൽ ഒക്ടോബറിനുശേഷം ശശികലക്കുപോലും ജയലളിതയെ കാണാനായിട്ടില്ല. ചികിത്സയുടെ സി.സി.ടി.വി ദൃശ്യങ്ങൾ കൈവശമുണ്ട്. അധികാരം നിലനിർത്താൻ ശ്രീനിവാസൻ കളവ് പറയുകയാണ്-ദിനകരൻ വിശദീകരിച്ചു.
മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിവിധ കോണുകളിൽനിന്ന് അഭിപ്രായ പ്രകടനങ്ങളുയർന്നിരുന്നു. എല്ലാ ആരോപണങ്ങളും വിരൽ ചൂണ്ടിയത് ശശികല കുടുംബത്തിനു നേരെയാണ്. എന്നാൽ, അപ്പോളോ ആശുപത്രി അധികൃതർ വാർത്തസമ്മേളനം വിളിച്ച് ആരോപണങ്ങൾ നിഷേധിച്ചു. ശശികലയെ ജനറൽ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ഒ. പന്നീർസെൽവത്തിെൻറ പ്രധാന ആവശ്യം മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.