ലഖ്നോ/ഝാൻസി: മുൻ ലോക്സഭാംഗവും സമാജ്വാദി പാർട്ടി നേതാവുമായ ആതിഖ് അഹ്മദിന്റെ മകൻ അസദിനെയും കൂട്ടാളി ഗുലാമിനെയും ജീവനോടെ പിടികൂടാൻ ശ്രമിച്ചതായും അവർ വെടിവെച്ചപ്പോൾ തിരിച്ചു വെടിവെച്ചതാണെന്നും യു.പി പൊലീസ് എഫ്.ഐ.ആർ. ‘രജിസ്റ്റർ ചെയ്യാത്ത നമ്പറുള്ള ബൈക്കിൽ പോകുമ്പോൾ വ്യാഴാഴ്ച ഇരുവരെയും പൊലീസ് തടഞ്ഞു. മൺറോഡിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ തെന്നിവീണ ഇവരെ വളഞ്ഞ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നു.
തിരിച്ചുള്ള വെടിവെപ്പിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.’ ബദഗാവോൻ പൊലീസ് ഫയൽ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു. അതേസമയം, അസദിനെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കളും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കമുള്ളവരും ആരോപിക്കുന്നു. പ്രയാഗ് രാജ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ആതിഖ് അഹ്മദിനെ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ദിവസം തന്നെയാണ് മകൻ കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച കോടതിയിൽവെച്ചാണ് ആതിഖ് മകൻ കൊല്ലപ്പെട്ടത് അറിയുന്നത്. താൻ ഏതു നിമിഷവും കൊല്ലപ്പെടുമെന്ന് റിമാൻഡിലുള്ള ആതിഖ് അഹ്മദ് നേരത്തേ കോടതിയിൽവെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബി.എസ്.പി എം.എൽ.എ രാജു പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന സാക്ഷി അഡ്വ. ഉമേഷ് പാലിനെ പ്രയാഗ് രാജിൽ വെടിവെച്ചു കൊന്ന കേസിലെ പ്രതികളാണ് ആതിഖ് അഹ്മദും ആസാദും അടക്കമുള്ളവർ. ഒളിവിലുള്ള ആസാദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.