രാജ്യം നേരിടുന്ന ഭീഷണി ചെറുതല്ല- വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: ഏത്  വെല്ലുവിളിയും ഏറ്റെടുക്കാന്‍ സൈന്യം സജ്ജമാണെങ്കിലും രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ളെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ. ഡല്‍ഹിക്കടുത്ത് യു.പിയിലെ ഹിന്‍ഡന്‍ വ്യോമസേന കേന്ദ്രത്തില്‍  84ാമത് വ്യോമസേനാദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പാക് അതിര്‍ത്തികടന്നുള്ള മിന്നലാക്രമണത്തിന് പിന്നാലെ നടന്ന ആഘോഷത്തില്‍ വ്യോമസേനയുടെ കരുത്ത് വിളിച്ചോതി പോര്‍ വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ അരങ്ങേറി. സര്‍ജിക്കല്‍ സ്ട്രൈക് സംബന്ധിച്ച് രാജ്യത്ത് ആവശ്യത്തിന് ചര്‍ച്ച നടന്നുകഴിഞ്ഞുവെന്നും സൈന്യം സംസാരിക്കുകയല്ല, മറിച്ച് പ്രവര്‍ത്തിക്കുകയാണ് ചെയ്യുകയെന്നും ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വ്യോമസേനാ മേധാവി തുടര്‍ന്നു. എന്നാല്‍, സര്‍ജിക്കല്‍ സ്ട്രൈക്കിനെതുടര്‍ന്നുണ്ടായ രാഷ്ട്രീയ സംവാദങ്ങളെയും വിവാദങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.  രാജ്യം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുകയാണ് സേനയുടെ  ജോലി. അത് ചെയ്യും. പക്ഷേ, അതേക്കുറിച്ച് സംസാരിക്കാറില്ല.

പത്താന്‍കോട്ടിലെയും ഉറിയിലെയും ഭീകരാക്രമണങ്ങള്‍ നമ്മള്‍ ഏത് സമയത്താണ് ജീവിക്കുന്നതെന്ന് വ്യക്തമായി ഓര്‍മപ്പെടുത്തുന്നു. പക്ഷേ, എന്ത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍ സേന സജ്ജരാണ്.   ഓരോ സംഭവങ്ങളില്‍നിന്നും നമ്മള്‍ ഓരോ പാഠങ്ങള്‍ പഠിക്കുകയാണ്.  ഇത്തരം പാഠങ്ങളില്‍നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് നമ്മള്‍ കൂടുതല്‍ സ്മാര്‍ട്ടായി കഴിഞ്ഞു.  സേനാ കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടാകുന്ന ഭീഷണികളെ ചെറുക്കാന്‍ ആധുനിക സുരക്ഷാസംവിധാനങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ട്. വ്യോമസേനയെ ചിട്ടയായ പരിശീലനത്തിലൂടെയും ബോധവത്കരണ പരിപാടികളിലൂടെയും കൂടുതല്‍ കരുത്തരാക്കി മാറ്റിക്കഴിഞ്ഞു. സൈനികര്‍ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്നത് സേനയുടെ പേര് കളങ്കപ്പെടുത്തുന്നു.  ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികളുണ്ടാകുമെന്നും വ്യോമസേനാ മേധാവി പറഞ്ഞു. കരസേനാമേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, വ്യോമസേനയിലെ ഓണററി ഗ്രൂപ് ക്യാപ്റ്റന്‍ സചിന്‍ ടെണ്ടുല്‍കര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരും വ്യോമസേനാ ദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തു.

 

Tags:    
News Summary - We will not talk, just deliver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.