'ഹിജാബ് ധരിക്കുന്നത് അച്ചടക്കമില്ലായ്മ'; വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ കർണാടക മന്ത്രി

കർണാടകയിലെ ഹിജാബ് സമരത്തിൽ വിദ്വേഷ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി രംഗത്ത്. വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നത് അച്ചടക്കമില്ലായ്മ ആണെന്നായിരുന്നു മന്ത്രി ബി.സി നാഗേഷി​ന്റെ പ്രതികരണം. ഉഡുപ്പിയിലെ ഗവ. കോളജിലാണ് കുറച്ചു ദിവസമായി സമരം നടന്നുവരുന്നത്. കോളജിൽ ഹിന്ദുത്വ തീവ്രവാദികളുടെ പ്രതിഷേധത്തെ തുടർന്ന് ഹിജാബ് ധരിക്കുന്നത് അധികൃതർ വിലക്കിയിരുന്നു.

ഹിജാബിന് അനുമതി നൽകിയാൽ തങ്ങൾ കാവിത്തുണി അണിഞ്ഞ് ക്ലാസിൽ വരുമെന്ന് പറഞ്ഞ് കുറച്ചുനാൾ മുമ്പ് ഹിന്ദുത്വ തീവ്രവാദികൾ കോളജിൽ എത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹിജാബ് നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. ശേഷം കാമ്പസ് ഫ്രണ്ട് വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ഹിജാബ് ധരിക്കാൻ അനുമതി വേണം എന്ന് ആവശ്യ​പ്പെട്ട് വിദ്യാർഥിനികൾ സമരം നടത്തി വരികയായിരുന്നു. ഇത് സംബന്ധിച്ചാണ് മന്ത്രിയുടെ പ്രസ്താവന.

'ഞങ്ങൾ ഹിജാബ് ധരിച്ചാണ് കോളജിലെത്തിയത്. എന്നാൽ, ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഞങ്ങളെ വീണ്ടും തടഞ്ഞു'-വിദ്യാർത്ഥികളിലൊരാളായ ആലിയ എൻ.‌ഡി. ‌ടി‌.വിയോട് പറഞ്ഞു.

'ഹിജാബ് ധരിച്ചതിന് ഞങ്ങളെ 20 ദിവസത്തേക്ക് വിലക്കിയിരിക്കുന്നു. ഞങ്ങൾക്ക് നീതി വേണം. പർദ ധരിക്കാനുള്ള അവകാശം ഭരണഘടന ഞങ്ങൾക്ക് നൽകുന്നു, എന്തുകൊണ്ടാണ് കോളജ് അത് വിലക്കുന്നത്?' - മറ്റൊരു വിദ്യാർത്ഥിയായ മുസ്‌കൻ സൈനബ് ചോദിക്കുന്നു.

കോളജ് അധികൃതരും ജില്ലാ അധികൃതരും വിദ്യാർത്ഥികൾക്ക് അന്ത്യശാസനം നൽകിയതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രതിഷേധം.

ഈ ആചാരം 'അച്ചടക്കരാഹിത്യത്തിന്' തുല്യമാണെന്നും സ്കൂളുകളും കോളജുകളും "ധർമ്മം അനുഷ്ഠിക്കാനുള്ള സ്ഥലമല്ല" എന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി. സി നാഗേഷ് പറഞ്ഞതിന് പിന്നാലെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

Tags:    
News Summary - "Wearing Hijab Is Indiscipline": Karnataka Minister On Students' Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.