കുറ്റവാളികൾക്ക് പ്രത്യേക പരിഗണന നൽകിയോ?; ബിൽകീസ് ബാനു കേസിൽ സുപ്രീംകോടതി

ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ 14 പേരെ കൂട്ടക്കൊല നടത്തി മൂന്നു പേരെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ബിൽകീസ് ബാനു കേസിലെ 11 കുറ്റവാളികൾക്ക് ഗുജറാത്ത് സർക്കാർ പ്രത്യേക പരിഗണന നൽകിയോ എന്നതാണ് തങ്ങളുടെ ആശങ്കയെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സുപ്രീംകോടതി. കുറ്റവാളികൾ നടത്തിയ കുറ്റകൃത്യത്തിന്റെ പ്രകൃതവും അവർക്കെതിരായ തെളിവും മോചനം തീരുമാനിക്കുന്ന കാര്യത്തിൽ പ്രസക്തമല്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.

ശിക്ഷാ കാലാവധി തീരും മുമ്പെയുള്ള മോചനകാര്യത്തിൽ ചില പ്രതികൾക്ക് പ്രത്യേക പരിഗണന നൽകിയോ എന്നതാണ് ചോദ്യമെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ചില പ്രതികൾക്ക് മറ്റു പ്രതികളേക്കാൾ പ്രത്യേക അവകാശങ്ങളുണ്ടോ എന്നും കോടതി ചോദിച്ചു.

കുറ്റകൃത്യം കിരാതമാണെന്ന കാരണം കൊണ്ട് കുറ്റവാളികൾക്ക് ജയിൽമോചനമരുതെന്ന് പറയാനാവില്ല. എന്നാൽ, ഈ കേസിൽ കുറ്റവാളികളെ മോചിപ്പിച്ചത് നിയമപരമാണോ എന്ന് നോക്കേണ്ടതുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങിയെന്ന് ബോധിപ്പിച്ച കുറ്റവാളികളുടെ അഭിഭാഷകൻ സിദ്ധാർഥ് ലൂഥ്റ പിന്നീട് എപ്പോഴാണ് ശിക്ഷ അവസാനിക്കുകയെന്നും ഈ കുറ്റവാളികൾ സ്വാതന്ത്ര്യം അർഹിക്കുന്നില്ലേ എന്നും ബെഞ്ചിനോട് ചോദിച്ചു.

സെപ്റ്റംബർ 20ന് കേസിൽ വാദം തുടരും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗുജറാത്തിലെ ബി.ജെ.പി സർക്കാർ ബിൽകീസ് ബാനു കേസിലെ 11 കുറ്റവാളികളെ ശിക്ഷാ കാലാവധിക്ക് മുമ്പെ വിട്ടയച്ചത്.

Tags:    
News Summary - Were criminals given special treatment?; Supreme Court in Bilkis Bano case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.