കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സർവകലാശാല ചാൻസലർ പദവിയിൽനിന്ന് ഗവർണറെ ഒഴിവാക്കി. മുഖ്യമന്ത്രിക്ക് ചാൻസലർ പദവി നൽകാനാണ് മന്ത്രിസഭ തീരുമാനം. മുഖ്യമന്ത്രി മമതാ ബാനർജി ചുമതല വഹിക്കും. നിലവിലുള്ള രീതിയനുസരിച്ച് ഗവർണറാണ് സംസ്ഥാനത്തെ ചാൻസലർ. ഈ സമ്പ്രദായത്തിനാണ് തൃണമൂൽ സർക്കാർ അന്ത്യം കുറിച്ചിരിക്കുന്നത്.
ഗവർണർ ജഗദീപ് ദാൻകറും സംസ്ഥാന സർക്കാറും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന പോരിനെ തുടർന്നാണ് സർക്കാർ കടുത്ത തീരുമാനം എടുത്തത്. മന്ത്രിസഭാ തീരുമാനം നടപ്പാക്കാൻ സർക്കാർ നിയമസഭയിൽ ബിൽ പാസാക്കി നിലവിലെ നിയമം മാറ്റണം. ബിൽ പ്രാബല്യത്തിൽ വരാൻ ഗവർണറുടെ അനുമതിയും ആവശ്യമാണ്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തമിഴ്നാട് ഗവർണർ ആർ.എൻ. രവി, ബംഗാൾ ഗവർണർ ജഗദീപ് ദാൻകർ എന്നിവർ അതത് സംസ്ഥാന സർക്കാരുകളുമായി വിവിധ വിഷയങ്ങളിൽ പരസ്യ പോരാട്ടമാണ് നടത്തുന്നത്. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
താൻ സർക്കാറിനെ അധിക്ഷേപിച്ചുകൊണ്ട് ട്വീറ്റ് ചെയ്തുവെന്നതടക്കം തനിക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ രാജിവെക്കുമെന്ന് ഗവർണർ ജഗദീപ് ദാൻകർ മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അത്തരം ട്വീറ്റുകൾ കാണിക്കൂവെന്നും അദ്ദേഹം വെല്ലുവിളിച്ചു.
എന്നാൽ, എല്ലാ ദിവസവും സർക്കാർ ഉദ്യോഗസ്ഥരെ ഗവർണർ ഭീഷണിപ്പെടുത്തുകയും അടിമത്തൊഴിലാളികളോടെന്ന പോലെ ഇവരോട് പെരുമാറുകയും ചെയ്യുന്നതായി മമത ആരോപിച്ചിരുന്നു. ഗവർണറെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും അദ്ദേഹം തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിനെതിരെ അനാവശ്യ വിമർശനങ്ങൾ ഉയർത്തുന്ന ട്വീറ്റുകളെ തുടർന്ന് മമതാ ബാനർജി ഗവർണറെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തിരുന്നു. ഗവർണറോടുള്ള പ്രതിഷേധം മുഖ്യമന്ത്രി പരസ്യമായി മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.