ട്വീറ്റുകൾ ശല്യമായി മാറിയെന്ന്; ബംഗാൾ ഗവർണറെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്ത് മമത

കൊൽക്കത്ത: ഗവർണർ ജഗ്ദീപ് ധൻകറിനെ താൻ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തതായി വെളിപ്പെടുത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഗവർണറുടെ നിരന്തരമായ ട്വീറ്റുകൾ വല്ലാത്ത ശല്യമായി തോന്നിയപ്പോഴാണ് ബ്ലോക്ക് ചെയ്തതെന്നും മമത പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരെയും അധികൃതരെയും ഗവർണർ അടിമകളെ പോലെയാണ് കാണുന്നതെന്നും മമത ആരോപിച്ചു.

'ഞാൻ മുൻകൂട്ടി ക്ഷമചോദിക്കുകയാണ്. ഗവർണർ എല്ലാദിവസം എന്നെയോ മറ്റേതെങ്കിലും സർക്കാർ ഉദ്യോഗസ്ഥനെയോ മോശമായി ചിത്രീകരിച്ചുകൊണ്ട് എന്തെങ്കിലും ട്വീറ്റ് ചെയ്യും. ഭരണഘടനാ വിരുദ്ധവും അധാർമ്മികവുമായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. നിർദേശം നൽകുകയും ഉപദേശം നൽകുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അടിമത്തൊഴിലാളികളെ പോലെയാണ് അദ്ദേഹം കാണുന്നത്. എല്ലാ ദിവസവും ഇത് കാണുന്നത് വലിയ ശല്യമായി മാറിയപ്പോഴാണ് ഞാൻ അദ്ദേഹത്തെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തത്' -മമത വ്യക്തമാക്കി.

ഗവർണറെ കുറിച്ച് നിരവധി കത്തുകൾ പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ടെന്ന് മമത പറഞ്ഞു. ഗവർണർ ഒന്നും കേൾക്കുന്നില്ലെന്ന് മാത്രമല്ല എല്ലാവരെയും ഭീഷണിപ്പെടുത്തുകയാണ്. കഴിഞ്ഞ വർഷം ഞങ്ങൾ ക്ഷമയോടെ ഇതെല്ലാം സഹിക്കുകയായിരുന്നു. എത്രയോ ഫയലുകൾ ഗവർണർ ഒപ്പിടാതെ കെട്ടിക്കിടക്കുന്നു -മമത കുറ്റപ്പെടുത്തി.

നേരത്തെ, ഗവർണറെ മാറ്റണമെന്ന് രാഷ്ട്രപതിയോട് തൃണമൂൽ എം.പി സുദീപ് ബന്ധോപാധ്യായ അഭ്യർഥിച്ചിരുന്നു. പാർലമെന്‍ററി സംവിധാനത്തെ തകർക്കാൻ ശ്രമിക്കുകയാണ് ഗവർണർ എന്നായിരുന്നു ആരോപണം.

കഴിഞ്ഞ ദിവസം മമതയെ പരോക്ഷമായി വിമർശിച്ച് ഗവർണറും രംഗത്തെത്തിയിരുന്നു. ജനാധിപത്യം നിലനിൽക്കുന്നത് നിയമവാഴ്ചയിലാണെന്നും അല്ലാതെ ഒരു വ്യക്തിയുടെ ഭരണത്തിലല്ലെന്നുമായിരുന്നു ഗവർണറുടെ പ്രസ്താവന. 

Tags:    
News Summary - West Bengal CM Mamata Banerjee blocks Guv Jagdeep Dhankhar on Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.