ന്യൂഡൽഹി: ഛത്തീസ്ഗഡിന് പിന്നാലെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി പശ്ചിമബംഗാളും. മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രം പതിച്ച സർട്ടിഫിക്കറ്റായിരിക്കും പകരം വിതരണം ചെയ്യുക.
സംസ്ഥാനങ്ങൾ പണം നൽകി വാക്സിൻ വാങ്ങുന്നതിനാലാണ് മോദിയുടെ ചിത്രം ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. മൂന്നാംഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുന്നവർക്ക് മാത്രമാണ് മമതയുടെ ചിത്രം പതിച്ച സർട്ടിഫിക്കറ്റ് നൽകുക. മൂന്നാംഘട്ടത്തിൽ വാക്സിൻ നൽകുന്നത് 18നും 44നും ഇടയിൽ പ്രായമുള്ളവർക്കായിരിക്കും.
കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ നേരത്തേ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽനിന്ന് മോദിയുടെ ചിത്രം ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്‍റെ ചിത്രം പതിച്ച സർട്ടിഫിക്കറ്റാണ് പകരം നൽകുന്നത്. വാക്സിൻ വിതരണത്തിൽനിന്ന് കേന്ദ്രം പിന്മാറിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ചിത്രം മാറ്റുന്നതെന്ന് ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് മോദിയുടെ ചിത്രം പതിച്ച വാക്സിൻ സർട്ടിഫിക്കറ്റ് നൽകുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്നായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.