കൊൽക്കത്ത: പശ്ചിമബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എമ്മും തൃണമൂൽ കോൺഗ്രസും (ടി.എം.സി) ബി.ജെ.പിയും തമ്മിൽ സംഘർഷം തുടരുന്നു. ഏപ്രിൽ രണ്ടിന് നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങിയതോടെയാണ് അക്രമം വ്യാപിച്ചത്. രണ്ടു പേരാണ് ഇതുവരെ മരിച്ചത്. തങ്ങളുടെ സ്ഥാനാർഥികളെ നാമനിർദേശ പത്രിക സമർപ്പിക്കാൻ അനുവദിക്കാതെ ആക്രമിക്കുകയാണെന്നാണ് പാർട്ടികൾ പരസ്പരം ആരോപിക്കുന്നത്.
മുതിർന്ന സി.പി.എം നേതാവും മുൻ എം.പിയുമായ ബസുദേവ ആചാര്യയെ കഴിഞ്ഞദിവസം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ പുരുലിയ സദർ ആശുപത്രി െഎ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടി.എം.സി എം.എൽ.എ സ്വപൻ ബെൽതാറിയയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് സി.പി.എം ആരോപിച്ചു.
ബസുദേവ ആചാര്യക്കുനേരെയുള്ള ആക്രമണത്തെ തുടർന്ന് സംസ്ഥാനത്തിെൻറ പലഭാഗങ്ങളിലും അക്രമമുണ്ടായി. മുർഷിദാബാദ് ജില്ലയിലെ കാൻഡി പ്രദേശത്ത് ടി.എം.സി-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബിർഭും ജില്ലയിൽ കൂച്ച് ബഹർ പ്രദേശത്ത് ടി.എം.സി-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. തങ്ങളുടെ സ്ഥാനാർഥികൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി ബി.ജെ.പി ആരോപിച്ചു.
ഒമ്പതിനാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.