ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; സി.ബി.ഐ സംഘം കൊൽക്കത്തയിലെത്തി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിട്ടതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം കൊൽക്കത്തയിലെത്തി. മെഡിക്കൽ, ഫോറൻസിക് വിദഗ്ധർ ഉൾപ്പെടുന്ന സംഘമാണ് രാവിലെ ഡൽഹിയിൽ നിന്നും കൊൽക്കത്തയിൽ എത്തിയത്.

കൊൽക്കത്തയിലെ ആർ.ജി മെഡിക്കൽ കോളജ് ​ആശുപത്രിയിലെ പി.​ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് വിട്ട് ഇന്നലെയാണ് കൊൽക്കത്ത ഹൈകോടതി ഉത്തരവിട്ടത്. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക.

കേസന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് ഹൈകോടതി നിരീക്ഷിച്ചു. ഇത്രയുംകാലം കഴിഞ്ഞിട്ടും അ​ന്വേഷണത്തിൽ പുരോഗതിയുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ അന്വേഷണം വഴിതെറ്റുമെന്നും തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഭയപ്പെടുന്നതായി കോടതി വ്യക്തമാക്കി.

ആഗസ്റ്റ് ഒമ്പതിനാണ് കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ 28കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ബലാത്സംഗത്തിന് ശേഷം ഡോക്ടറെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷ് രാജിവെക്കുകയും മെഡിക്കൽ സൂപ്രണ്ടായിരുന്ന സഞ്ജയ് വസിസ്തയെ തൽസ്ഥാനത്ത് നിന്ന് സർക്കാർ നീക്കുകയും ചെയ്തു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരു സിവിക് പോലീസ് വോളന്‍റിയറെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - West Bengal rape-murder case: CBI team from Delhi arrives in Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.