ന്യൂഡൽഹി: ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്‍റെ എല്ലാ പ്രതീകങ്ങളും ആക്രമിക്കപ്പെടുമ്പോൾ ഇന്ത്യൻ ജനതക്ക് നിസ്സംഗത പാലിക്കാൻ പ്രയാസമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ജനാധിപത്യ വിപ്ലവം എന്ന് വാഴ്ത്തപ്പെട്ടത് അരാജകത്വത്തിലേക്കും ന്യൂനപക്ഷങ്ങളെയും ഹിന്ദു ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള അക്രമങ്ങളിലേക്കും അധഃപതിക്കുന്നതാണ് കാണുന്നതെന്നും തരൂർ പറഞ്ഞു.
'ജനാധിപത്യപരവും ജനകീയവുമായ വിപ്ലവം എന്ന് വാഴ്ത്തപ്പെട്ടത് അരാജകത്വത്തിലേക്കും ന്യൂനപക്ഷങ്ങളെയും ഹിന്ദു ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള അക്രമത്തിലേക്കും അധഃപതിച്ചത് അങ്ങേയറ്റം ദാരുണമാണ്. ഇന്ത്യക്കാർ ബംഗ്ലാദേശിലെ ജനങ്ങൾക്കൊപ്പം നിൽക്കണം. പക്ഷേ, ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ സൗഹൃദത്തിന്‍റെ ഓരോ പ്രതീകവും ആക്രമിക്കപ്പെടുമ്പോൾ നിസ്സംഗത പുലർത്തുക ബുദ്ധിമുട്ടാണ്.' തരൂർ വ്യക്തമാക്കി.
പാക് സൈന്യം ഇന്ത്യൻ സൈനികർക്ക് കീഴടങ്ങിയതിന്‍റെ പ്രതിമ തകർത്തു. ഇന്ത്യൻ കൾച്ചറൽ സെന്‍റർ, ഇസ്‌കോൺ ക്ഷേത്രം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ നശിപ്പിക്കപ്പെട്ടു. ഇതെല്ലാം ഇന്ത്യയിലെ ജനങ്ങൾക്ക് പ്രതികൂലമായ സൂചനകളാണ്. ഇത്തരം പ്രവൃത്തികൾ ബംഗ്ലാദേശിന്‍റ താൽപര്യത്തിന് നിരക്കുന്നതല്ലെന്നും തരൂർ പറഞ്ഞു.
ജനാധിപത്യത്തിന്‍റെ പുനഃസ്ഥാപനത്തെ കുറിച്ചാണ് ബംഗ്ലാദേശികൾ പറയേണ്ടത്. എന്നാൽ, നിങ്ങൾ ന്യൂനപക്ഷങ്ങൾക്കും പ്രത്യേകിച്ച് ഒരു ന്യൂനപക്ഷത്തിനും എതിരായി തിരിയുന്നു. ഇത് ഇന്ത്യയിലും മറ്റിടങ്ങളിലും ശ്രദ്ധിക്കപ്പെടുമെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.