ന്യൂഡൽഹി: ഒപ്പം ജീവിച്ചിരുന്ന പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി തുണ്ടംതുണ്ടമാക്കി ശരീരഭാഗങ്ങൾ പലയിടത്തും ഉപേക്ഷിച്ച അഫ്താബിന്റെ യഥാർഥമുഖം അറിഞ്ഞതിന്റെ ഞെട്ടലിലാണ് പെൺസുഹൃത്തായ സൈക്യാട്രിസ്റ്റ്. കടുത്ത മാനസികാഘാതത്തിലായ അവർ ചികിത്സയിലാണിപ്പോൾ.
അഫ്താബിന്റെ വീട്ടിൽ രണ്ടുതവണ വന്നിട്ടുണ്ട് പെൺകുട്ടി. കൊലപാതകം നടന്ന് ദിവസങ്ങൾക്കു ശേഷമായിരുന്നു ഈ സന്ദർശനം. എന്നാൽ അപ്പോഴൊന്നും ശരീര ഭാഗങ്ങൾ വീട്ടിനകത്ത് ഒളിപ്പിച്ചുവെച്ചതിന്റെ യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ല.
ഒക്ടോബർ 12ന് അഫ്താബ് പെൺകുട്ടിക്ക് ഒരു ഫാൻസി മോതിരം നൽകിയിരുന്നു. ഈ മോതിരം ശ്രദ്ധയുടെതായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അഫ്താബിന്റെ പെൺസുഹൃത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
വീട്ടിലെത്തിയ സമയത്ത് അഫ്താബിനെ ഒരിക്കലും ചകിതനായി കണ്ടിട്ടില്ല. എപ്പോഴും മുംബൈയിലെ തന്റെ വീടിനെ കുറിച്ച് അഫ്താബ് പറയുമായിരുന്നു. ഡേറ്റിങ് ആപ് വഴിയാണ് യുവതി അഫ്താബിനെ പരിചയപ്പെട്ടത്. ഇത്തരം ഡേറ്റിങ് സൈറ്റുകൾ വഴി 15 മുതൽ 20 വരെ പെൺകുട്ടികളുമായി അഫ്താബ് ബന്ധം സ്ഥാപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ബുംബ്ൾ ആപ് പരിശോധിച്ചപ്പോൾ പ്രതി കൊലപാതകം നടന്ന് 12 ദിവസത്തിനു ശേഷം നിരവധി പെൺകുട്ടികളുമായി ബന്ധം പുലർത്തിയതായും പൊലീസ് കണ്ടെത്തി.
അഫ്താബിന്റെ മാനസിക നിലക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. ഒരുപാട് ഡിയോഡറന്റുകളും പെർഫ്യൂമുകളും അയാൾ സൂക്ഷിച്ചിരുന്നു. തനിക്ക് പതിവായി പെർഫ്യൂമുകൾ സമ്മാനമായി നൽകിയതും പെൺസുഹൃത്ത് ഓർത്തെടുത്തു. നന്നായി പുകവലിക്കുന്ന വ്യക്തിയായിരുന്നു അഫ്താബ്. എങ്കിലും അത് ഉപേക്ഷിക്കുമെന്ന് പലപ്പോഴും പറയാറുണ്ടായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി.
വ്യത്യസ്ത തരത്തിലുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. വിവിധ റെസ്റ്റാറന്റുകളിൽ നിന്നായി പതിവായി നോൺ വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുമായിരുന്നുവെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.