അഹ്മദാബാദ്: 2022 ആഗസ്റ്റ് 15നകം പൂർത്തിയാകുന്ന വിധത്തിലാണ് രാജ്യത്തെ ഏറ്റവും വേഗത്തിലോടുന്ന ട്രെയിൻപദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. രാജ്യം സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ബുള്ളറ്റ് ട്രെയിൻ ഒാടിക്കുകയാണ് കേന്ദ്രസർക്കാറിെൻറ ലക്ഷ്യം. 508 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് 1,10,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇതിൽ 88,000 കോടി ജപ്പാൻ വായ്പയായി നിക്ഷേപിക്കും. റെയിൽവേയും മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാറുകളും ബാക്കി ചെലവ് വഹിക്കും. 50 വർഷം കൊണ്ട് തിരിച്ചടക്കുന്ന വിധത്തിലാണ് ജപ്പാനുമായുള്ള കരാർ. പ്രതിവർഷം 0.1 ശതമാനം പലിശനിരക്കിൽ ജപ്പാൻ ഇൻറർനാഷനൽ കോഒാപറേഷൻ ഏജൻസിയാണ് നിക്ഷേപം നടത്തുന്നത്.
മണിക്കൂറിൽ 320-350 കിലോമീറ്ററാണ് ട്രെയിനിെൻറ വേഗം. നിലവിൽ ഏറ്റവും വേഗത്തിലോടുന്ന ട്രെയിനുകെളക്കാൾ രണ്ടിരട്ടി വേഗത്തിലായിരിക്കും ബുള്ളറ്റ് ട്രെയിൻ പായുക. 12 സ്റ്റേഷനുകളിൽ നിർത്തിയാൽ 2.58 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തും. എട്ട് സ്റ്റേഷൻ ഗുജറാത്തിലും ആറെണ്ണം മഹാരാഷ്ട്രയിലുമാണ്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ഭൂഗർഭ സ്റ്റേഷനിൽനിന്ന് സർവിസ് തുടങ്ങുന്ന ട്രെയിൻ തുരങ്കത്തിലൂടെ 21 കിലോമീറ്റർ ഒാടി താനെയിൽ ഭൗമോപരിതലത്തിലെത്തി ഒാട്ടം തുടരും.
508 കിലോമീറ്ററിൽ താനെക്കും വിരാറിനുമിടക്ക് 21 കിലോമീറ്റർ ഭൂഗർഭ പാതയാണ്. ഭൂഗർഭപാതയിൽ ഏഴുകിലോമീറ്റർ കടലിനടിയിലൂടെയാണ്. സമുദ്രത്തിനടിയിലൂടെയുള്ള രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാതയാണിത്. ഒരേസമയം 750 പേർക്ക് യാത്ര ചെയ്യാം. കൂടുതൽ കോച്ചുകൾ ഉൾപ്പെടുത്തി ഒരു സർവിസിൽ 1250 പേരെ ഉൾക്കൊള്ളിക്കാൻ ശ്രമം നടക്കുന്നുണ്ട്. 16 കോച്ചുണ്ടാകും.
ഇക്കോണമി, എക്സിക്യൂട്ടിവ് ക്ലാസുകളാണ് ട്രെയിനിലുണ്ടാകുക. രാജധാനി എക്സ്പ്രസിെൻറ എ.സി ടു ടിയറിന് തുല്യമായ ടിക്കറ്റ് നിരക്കായിരിക്കും ബുള്ളറ്റ് ട്രെയിനിലെന്ന് റെയിൽവേ അറിയിച്ചു. 3000 രൂപയോളമാകും നിരക്ക്. രണ്ട് വാക്വം ടോയ്ലറ്റുകളാണ് ഷിങ്കാസെൻ ട്രെയിനിലുള്ളതെങ്കിലും ഇവിടെ ഭിന്നശേഷിക്കാർക്ക് സഹായകമായ രീതിയിൽ ഒരു ടോയ്ലറ്റ് കൂടി ചേർക്കും. രോഗികൾക്ക് വിശ്രമിക്കാനും കുഞ്ഞുങ്ങളെ മുലയൂട്ടാനും പ്രത്യേക മുറികളുണ്ടാകും.
കാവസാക്കിയും ഹിറ്റാച്ചിയും ചേർന്നാണ് ട്രെയിൻ നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ 24 ഹൈസ്പീഡ് െട്രയിനുകൾ ജപ്പാനിൽനിന്ന് ഇറക്കുമതി ചെയ്യും. രണ്ടാംഘട്ടത്തിൽ ട്രെയിനുകൾ ഇന്ത്യയിൽ നിർമിക്കും. എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയപ്പോൾ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചതാണ് ബുള്ളറ്റ് ട്രെയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.