ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ മികച്ച മാതൃകയെന്ന് ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അദാനോം അംഗീകരിച്ച ഇന്ത്യയിലെ ഏക പ്രദേശമായി ധാരാവി മാറുേമ്പാൾ, ആ നേട്ടം കൈവരിക്കാൻ ഭരണകൂടവും ആരോഗ്യ പ്രവർത്തകരും ചേരിനിവാസികളും ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കോവിഡ് വ്യാപനം കുറക്കുന്നതിന് പ്രധാന വിലങ്ങുതടിയായി കണ്ടെത്തിയിരുന്നത് അവിടുത്തെ സാമൂഹിക അന്തരീക്ഷം ആയിരുന്നു. ഒരു ചതുരശ്ര കിലോമീറ്ററിൽ 2.27 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ധാരാവിയിൽ കനത്ത ശ്രദ്ധ നൽകിയില്ലെങ്കിൽ കാറ്റിനേക്കാൾ വേഗത്തിൽ വൈറസ് വ്യാപിക്കും. എന്നാൽ ഒരുഘട്ടത്തിൽ കൈവിട്ടുപോയേക്കാവുന്ന കോവിഡ് വ്യാപനം ഫലപ്രദമായി തടയുകയും ധാരാവി കോവിഡിനെ പിടിച്ചുകെട്ടുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച ഒരാൾക്ക് മാത്രമാണ് ചേരിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ധാരാവിയിൽ കോവിഡ് ബാധിച്ചത് 2300 പേർക്കും. മുംബൈയിലെ മറ്റു പ്രദേശങ്ങളിൽ കോവിഡ് വ്യാപനം മന്ദഗതിയിലായിരുന്നപ്പോൾ ധാരാവി രാജ്യത്തെ പേടിപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡിനെ പിടിച്ചുകെട്ടിയ പ്രദേശങ്ങളുടെ പട്ടികയിൽ ലോകാരോഗ്യ സംഘടന ധാരാവിയെയും ഉൾപ്പെടുത്തിയതോടെ ഈ പേടി അസ്ഥാനത്താകുകയും ചെയ്തു.
ധാരാവി മാതൃക തീർത്തതെങ്ങനെ
ഒരു ചതുരശ്ര കിലോമീറ്ററിൽ 2,27,136 പേർ തിങ്ങിപാർക്കുന്ന ധാരാവി ചെറുകിട കച്ചവടക്കാരുടെ കേന്ദ്രമാണ്. അയ്യായിരത്തിൽ അധികം ചെറുകിട കച്ചവടക്കാരാണ് ധാരാവിയിലുള്ളത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേരിട്ട പ്രധാന വെല്ലുവിളി ഇവിടുത്തെ ജനസാന്ദ്രതയായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കോവിഡ് സ്ഥിരീകരിച്ച സ്ഥലമാണ് ധാരാവി. എന്നാൽ സമ്പർക്ക പട്ടികയിലുള്ളവരെ കെണ്ടത്തുന്നതിനും വീട്ടുനിരീക്ഷണത്തിനും യാതൊരു സാധ്യതകളുമില്ല. 80 ശതമാനം ജനങ്ങളും പൊതു ശൗചാലയം ഉപയോഗിക്കുന്നു. 450ഓളം പൊതുശൗചാലയങ്ങളാണ് ഇവിടെയുള്ളത്. പുറത്തുനിന്ന് വാങ്ങുന്ന ഭക്ഷണമാണ് എല്ലാവരുടെയും ആശ്രയം. ഒരോ കുടിലിലും എട്ടുമുതൽ പത്തുവരെ പേർ തിങ്ങിപാർക്കുന്നുണ്ട് ധാരാവിയിൽ. ഒരു കെട്ടിടത്തിൽ തന്നെ നിരവധി നിലകളും മുറികളും അടങ്ങുന്നതാണ് ഓരോ പ്രദേശവും.
ധാരാവിയിൽ മാത്രം ശ്രദ്ധ
ചേരിയിൽ കോവിഡ് പടർന്നുപിടിച്ചാൽ പ്രത്യാഘാതം വലുതാണെന്ന് ബ്രിഹാൻ മുംബൈ കോർപറേഷൻ അധികൃതർ മനസിലാക്കിയിരുന്നു. ഇതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടി. ആദ്യം ഡോക്ടർമാരും സ്വകാര്യ ക്ലിനിക്കുകളും 47,500ഓളം വീടുകളിൽ കയറിയിറങ്ങി പരിശോധന നടത്തി. 14,970 ഓളം പേരെ മൊബൈൽ വാൻ വഴി കണ്ടെത്തി പരിശോധനക്ക് വിധേയമാക്കി.
3.6 ലക്ഷം പേരുടെ വിവരം ശേഖരിച്ചു. 8246 മുതിർന്ന പൗരന്മാരെ നിരീക്ഷണത്തിലാക്കി. ധാരാവിയിൽ മാത്രം 13,500ഓളം പരിശോധനകൾ നടത്തി. ചികിത്സക്കും പരിശോധനക്കും പുറമെ ഭക്ഷണവും വെള്ളവും എല്ലാം നിരീക്ഷണത്തിൽ കഴിയുന്നവർക്കായി എത്തിച്ചുനൽകി.
കോവിഡിനെ പിന്തുടർന്നു കീഴ്പ്പെടുത്തുകയായിരുന്നു ആരോഗ്യപ്രവർത്തകരുടെയും അധികൃതരുടെയും ലക്ഷ്യം. ഇതിനായി സ്വകാര്യ പങ്കാളിത്തവും ഉറപ്പുവരുത്തി. കോർപറേഷൻ അധികൃതരുടെ നേതൃത്വത്തിൽ ആരോഗ്യ പരിശോധന ക്യാമ്പുകൾ നിരന്തരം സംഘടിപ്പിച്ചുകൊണ്ടിരുന്നു. ആരോഗ്യ പ്രവർത്തകർക്കും മറ്റുള്ളവർക്കും പി.പി.ഇ കിറ്റ് ഉൾപ്പെടെ ലഭ്യമാക്കി പ്രവർത്തനം ഏകോപിപ്പിക്കുകയായിരുന്നു. സ്വകാര്യ ക്ലിനിക്കുകൾ കോവിഡ് ആശുപത്രിയാക്കി മാറ്റുകയും 200ൽ അധികം കിടക്ക സൗകര്യം ഒരുക്കുകയും ചെയ്തു. വെറും 14 ദിവസത്തിനുള്ളിലാണ് ഇവ ഒരുക്കിയത്. കോവിഡ് ബാധിതർക്ക് പരമാവധി ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം. സമൂഹ അടുക്കള വഴി മൂന്നുനേരം ഭക്ഷണം ഉറപ്പാക്കി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ 24 മണിക്കൂർ സേവനവും ഇവിടെ ലഭ്യമാക്കി. മരുന്നുകളും വിറ്റമിൻ ഗുളികകളും രോഗികൾക്കും മറ്റു ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ഉറപ്പാക്കി. എല്ലാ മെഡിക്കൽ സജ്ജീകരണങ്ങളും എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്തു.
ജൂലൈ 10 വരെ 2359 കോവിഡ് കേസുകളാണ് ധാരാവിയിൽ റിേപ്പാർട്ട് ചെയ്തത്. നിലവിൽ 166 പേരാണ് ചികിത്സയിലുളളത്. 215 മരണവും സ്ഥിരീകരിച്ചു. 1952 പേർ രോഗമുക്തി നേടി. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. കൂട്ടായ പരിശ്രമത്തിെൻറ ഫലമായിരുന്നു ഈ വിജയം. വികസിത രാജ്യങ്ങൾ പോലും കോവിഡിന് മുന്നിൽ പകച്ചുനിൽക്കുേമ്പാൾ ലക്ഷക്കണക്കിന് പേർ തിങ്ങിപ്പാർക്കുന്ന ഒരു ചേരി പ്രദേശം കൈവരിച്ച നേട്ടത്തിന് തിളക്കമേറെയാണ്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.