കഴിഞ്ഞ ആഗസ്റ്റ് വരെ ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ സംസ്ഥാന ട്രഷററായിരുന്ന മുതിർന്ന പാർട്ടി നേതാവ് മുഹമ്മദ് സലീം മിയ ഭായ് എന്ന എം.എം. ശൈഖ് ഈ മാസം 20ന് എഴുതിയ രാജിക്കത്തിനു പിറകെ പോയാൽ ഗുജറാത്തിൽ 'ആപ്പി'ന് എന്തു സംഭവിച്ചുവെന്ന് അറിയാം. ആകാശവാണിയിൽനിന്ന് ഗ്രൂപ് എ ഓഫിസറായി 2013ൽ വിരമിച്ച് പിന്നീട് അരവിന്ദ് കെജ്രിവാളിന്റെ സംശുദ്ധ രാഷ്ട്രീയത്തിനായി ആത്മാർഥമായി പ്രവർത്തിച്ച എം.എം. ശൈഖിനെ കാണാൻ അഹ്മദാബാദിലെ ആശ്രം റോഡിലുള്ള പാർട്ടി ആസ്ഥാനത്ത് എത്തിയപ്പോൾ ആളവിടെയില്ല. ശൈഖിന്റെ തട്ടകമായ കച്ചിൽ ചെന്നാൽ കാണാമെന്ന് പറഞ്ഞ് പാർട്ടിയുടെ സംസ്ഥാന ഓഫിസിൽനിന്നുതന്നെയാണ് അദ്ദേഹത്തിന്റെ നമ്പർ തന്നത്. എന്നാൽ, ഗാന്ധിനഗറിലെ അദ്ദേഹത്തിന്റെ ഓഫിസിലാണ് ശൈഖിനെ കണ്ടത്. സ്വന്തം ചെലവിൽ ശൈഖ് 'ആപ്പി'നായി ഒരുക്കിയ ഓഫിസാണിത്. ഒരാഴ്ച മുമ്പ് സംസ്ഥാന നേതൃത്വത്തിന് അയച്ചതെന്ന് പറഞ്ഞ് രാജിക്കത്ത് അദ്ദേഹം കാണിച്ചുതന്നു. ആം ആദ്മി പാർട്ടിയുടെ പേരും ചിഹ്നവും ആലേഖനംചെയ്ത ബോർഡിനു മുന്നിലിരുന്ന് സംസാരം തുടങ്ങിയ ശൈഖ് സ്വന്തം കാശുമുടക്കി വാങ്ങിയ 'ആപ്പി'ന്റെ പ്രചാരണ സാമഗ്രികൾ തൊട്ടടുത്ത കസേരയിലുണ്ട്. ഏറെ ഹൃദയവേദനയോടെയാണ് തനിക്ക് ഇതെഴുതേണ്ടിവന്നതെന്ന് പറഞ്ഞ് ഈ മാസം 22ന് കോൺഗ്രസിൽ ചേർന്ന ശൈഖ് പാർട്ടിക്ക് സംഭവിച്ച പരിണാമം വിശദീകരിച്ചു.
''മുസ്ലിമെന്നോ ഹിന്ദുവെന്നോ വേർതിരിവില്ലാതെ എല്ലാവരും പാർട്ടിയിലേക്കു വന്നുകൊണ്ടിരുന്ന ഗുജറാത്തിൽ ഡൽഹിയിലെ മന്ത്രി ഗോപാൽ റായിക്കായിരുന്നു ചുമതല. ഒട്ടും വിവേചനം കാണിക്കാതെ അദ്ദേഹം എല്ലാവരെയും പാർട്ടിയോട് ചേർത്തുനിർത്തിയിരുന്നു. ശാരീരിക പ്രയാസം പരിഗണിച്ച് റായിയെ മാറ്റി പകരം ഗുലാബ് സിങ് യാദവിന് ചുമതല നൽകി. അതിനുശേഷം നടന്ന മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ സൂറത്തിൽ പാർട്ടിക്ക് 27 കൗൺസിലർമാരെ കിട്ടിയതാണ് വഴിത്തിരിവായത്. സൂറത്തിൽ പാർട്ടിയുടെ വിജയത്തിന് കാരണക്കാർ പാട്ടീദാർ നേതാക്കളായ ഗോപാൽ ഇറ്റാലിയയും മനോജ് സൂറട്ട്യയും ആണെന്ന് വിലയിരുത്തി ആപ് പിന്നീട് നടന്ന ഗാന്ധിനഗർ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിന്റെ ചുമതലയും സ്ഥാനാർഥിനിർണയത്തിനുള്ള അധികാരവും അവർക്കു നൽകി. മുനിസിപ്പൽ കൗൺസിൽ സ്ഥാനാർഥിനിർണയ ചർച്ചയിൽ പാർട്ടിയുടെ മുസ്ലിം നേതാക്കളുടെ പേരുകൾ ഉയർന്നു. എന്നാൽ, ഒരു മുസ്ലിമിനെയും സ്ഥാനാർഥിയാക്കരുതെന്നും അവർ മത്സരിച്ചാൽതന്നെ മുസ്ലിംകളുടെപോലും വോട്ടുകിട്ടില്ലെന്നും താനും ആബിദ് മേമനും അടക്കമുള്ളവരുടെ മുഖത്ത് നോക്കി ഗോപാൽ ഇറ്റാലിയ തുറന്നടിച്ചു. ഇതാണ് സൂറത്തിൽനിന്നുള്ള തന്റെ അനുഭവമെന്നും അതിനാൽ ഗാന്ധിനഗറിലും മുസ്ലിം സ്ഥാനാർഥികൾ വേണ്ടെന്നും തീർത്തുപറഞ്ഞ് ബി.ജെ.പിയെ അനുകരിച്ചും അതിന്റെ ആദർശം സ്വീകരിച്ചും ഗോപാൽ ഇറ്റാലിയ ആം ആദ്മി പാർട്ടിയെ ഗുജറാത്തിൽ വഴിനടത്തി തുടങ്ങി. ഗുജറാത്ത് അധ്യക്ഷൻ കിഷോർ ദേശായിയെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാബ് സിങ് യാദവിനെയും വിളിച്ച് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.
പിന്നീട് നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയത്തിനായി ഗുജറാത്തിനെ നാലു മേഖലകളാക്കി സംഘടന സെക്രട്ടറിമാരെ നിയമിച്ചപ്പോഴും മുസ്ലിം നേതാക്കളിൽ ആരുമില്ലായിരുന്നു. മുൻനിരയിൽനിന്നെല്ലാം മുസ്ലിം നേതാക്കളെ മാറ്റി. ആഗസ്റ്റിൽതന്നെ സംസ്ഥാന ട്രഷറർ സ്ഥാനത്തുനിന്ന് തന്നെ നീക്കി. സന്ദീപ് പാഠകിന് ഗുജറാത്തിന്റെയും ഗുലാബ് സിങ് യാദവിന് തെരഞ്ഞെടുപ്പു ചുമതലയും നൽകി. ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർട്ടി പ്രഖ്യാപിച്ച ഇസുദാൻ ഖഡ്വി മുസ്ലിംകൾ പാർട്ടിയിൽ ചേരാനായി അഹ്മദാബാദിലെ ഓഫിസിലെത്തുന്നതുപോലും ഇഷ്ടപ്പെടാതെയായി. മനസ്സിനേറ്റ ഈ മുറിവുകൾക്കിടയിലാണ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു തുടങ്ങിയത്. ഒരു മുസ്ലിം സ്ഥാനാർഥി പോലുമില്ലാതെ 12 പട്ടികകൾ പ്രസിദ്ധീകരിച്ചത് ചോദ്യം ചെയ്തപ്പോൾ അവസാന പട്ടികയിൽ പ്രഖ്യാപിക്കുമെന്നായിരുന്നു മറുപടി. എന്നാൽ, അവസാന പട്ടികയിറങ്ങിയപ്പോഴും സ്ഥാനാർഥി മുസ്ലിമായാൽ ആപ്പിന് ജയസാധ്യതയുണ്ടായിരുന്ന കച്ചിലേതടക്കം ആറു മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലൊന്നിൽപോലും പാർട്ടി മുസ്ലിം സ്ഥാനാർഥിയെ നിർത്തിയില്ല. ചുരുങ്ങിയത് 12 സീറ്റിൽ മുസ്ലിം സ്ഥാനാർഥികളെ ഉറപ്പിച്ചെങ്കിലും തോൽവി ഉറപ്പായ മൂന്നു സീറ്റുകളിൽ ദുർബലരായ മുസ്ലിം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആ അധ്യായം അടച്ചുവെന്ന് ശൈഖ് പറഞ്ഞു.
രാജിവെക്കാനുള്ള സമയമായി'
എം.എം. ശൈഖ് പാർട്ടിക്ക് അയച്ച കത്ത്: ''കഴിഞ്ഞുപോയ വിലപ്പെട്ട 10 വർഷം ആം ആദ്മി പാർട്ടി അംഗമെന്ന നിലയിൽ സംസ്ഥാന സെക്രട്ടറിക്ക് എഴുതുന്നത്: അഞ്ചു വർഷം ആപ്പിന്റെ സംസ്ഥാന ട്രഷറർ എന്ന നിലയിലും പാർട്ടിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ സംസ്ഥാന ഉപാധ്യക്ഷനെന്ന നിലയിലും ആം ആദ്മി പാർട്ടിയിൽനിന്ന് എനിക്ക് രാജിവെക്കാനുള്ള സമയമാണിത്. മുസ്ലിംകൾ പാർട്ടിക്കുവേണ്ടി സ്തുത്യർഹമായ പ്രവർത്തനം നടത്തിയിട്ടും സമയവും ധനവും ചെലവഴിച്ചിട്ടും ഈ പാർട്ടി മുസ്ലിംകളെ മാനിക്കുകയോ ആദരിക്കുകയോ ചെയ്യുന്നില്ല.
മുസ്ലിംകളെ അവഗണിച്ച് ആം ആദ്മി പാർട്ടി നടക്കാൻ തുടങ്ങിയത് ഉൾക്കൊള്ളാനും പ്രതിഫലിപ്പിക്കാനുമാണ് എന്റെ ഈ രാജി. തന്റെ ഹൃദയത്തിൽ കൊണ്ട ഈ കടുത്ത വേദന പുതിയ ഒരു തുടക്കത്തിനായി തന്നെ മുന്നോട്ടുനോക്കാൻ പ്രേരിപ്പിക്കുകയാണ്.''
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.