ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന പിരിക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് സംവിധാനം ഭരണഘടന വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമുള്ള സുപ്രധാന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. കേന്ദ്ര സർക്കാറിന് കനത്ത തിരിച്ചടിയാണ് ഇലക്ടറൽ ബോണ്ട് കേസിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചിന്‍റെ വിധി.
ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയുന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. നയരൂപീകരണത്തിൽ ഉൾപ്പടെ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകുന്നവർ ഇടപെടാൻ സാധ്യതയുണ്ട്. കള്ളപ്പണം തടയുന്നതിനുള്ള ഏകപോംവഴി ഇലക്ടറൽ ബോണ്ടല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ കോർപറേറ്റുകളും മറ്റ് സ്ഥാപനങ്ങളും കണക്കിൽപ്പെടാത്ത പണം രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറുന്ന രീതിക്ക് അന്ത്യമാകും.
കോർപറേറ്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സ്വന്തം വിലാസം വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് നൽകാവുന്ന സംഭാവനയാണ് ഇലക്ടറൽ ബോണ്ടുകൾ. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളിൽ നിന്നും നിശ്ചിത തുകക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇതിലൂടെ എത്ര രൂപ വേണമെങ്കിലും സംഭാവന നൽകാനാവും. ആരാണ് പണം നൽകിയതെന്ന് പാർട്ടികൾക്ക് വെളിപ്പെടുത്തേണ്ടതില്ല.
ഈയിടെ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ടറൽ ബോണ്ട് വിൽപനക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. നവംബർ ആറു മുതൽ 20 വരെ ഇലക്ടറൽ ബോണ്ട് വിൽപനക്കാണ് എസ്.ബി.ഐക്ക് സർക്കാർ അനുമതി നൽകിയത്.
കഴിഞ്ഞ സാമ്പത്തിക വർഷം സംഭാവനയായി ഇലക്ടറൽ ബോണ്ടുകൾ ഏറ്റവും കൂടുതൽ കിട്ടിയത് ഭരണകക്ഷിയായ ബി.ജെ.പിക്കാണ്. 2022-23ൽ 1,300 കോടി രൂപയാണ് ബി.ജെ.പി സംഭാവന പിരിച്ചത്. കോൺഗ്രസിന് കിട്ടിയതിന്റെ ഏഴിരട്ടി തുകയാണിത്. കോൺഗ്രസിന് സംഭാവന വൻതോതിൽ കുറയുകയും ചെയ്തു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബി.ജെ.പിയുടെ മൊത്തം സംഭാവന 2,120 കോടി രൂപയായിരുന്നു. ഇതിൽ 61 ശതമാനവും ഇലക്ടറൽ ബോണ്ടുകളിൽ നിന്നാണെന്ന് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച പാർട്ടിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021-22 വർഷത്തിൽ ബി.ജെ.പിക്ക് ലഭിച്ച മൊത്തം സംഭാവന 1,775 കോടി രൂപയായിരുന്നു. അതേവർഷം വർഷത്തിൽ 1,917 കോടി രൂപയായിരുന്ന പാർട്ടിയുടെ മൊത്ത വരുമാനം 2022-23ൽ 2,360.8 കോടി രൂപയായി.
അതേസമയം, 2021-22 വർഷത്തിൽ 236 കോടി രൂപ ഇലക്ടറൽ ബോണ്ടുകളിൽ നിന്ന് സമാഹരിച്ച കോൺഗ്രസിന് കഴിഞ്ഞ വർഷം കിട്ടിയത് 171 കോടി രൂപ മാത്രമാണ്. സമാജ്വാദി പാർട്ടിക്ക് 2022-23ൽ ബോണ്ടുകളിൽ സംഭാവന ലഭിച്ചില്ല. തെലുഗുദേശം പാർട്ടിക്ക് മുൻ വർഷത്തേക്കാൾ പത്തിരട്ടി തുക കിട്ടി.
2021-22ൽ 135 കോടി രൂപയാണ് ബി.ജെ.പിക്ക് നിക്ഷേപത്തിന് പലിശയായി ലഭിച്ചത്. കഴിഞ്ഞ വർഷം പലിശ 237 കോടി രൂപയായി ഉയർന്നു. വിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും ഉപയോഗത്തിനായി ബി.ജെ.പി 78.2 കോടി രൂപ ചെലവഴിച്ചതായും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.