ത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ ജാമ്യഹരജി സുപ്രീംകോടതി ഒറ്റ ദിവസം കൊണ്ടുതന്നെ പരിഗണിക്കുമ്പോൾ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മലയാളി പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ കുറിച്ച് ചോദിക്കുകയാണ് സമൂഹമാധ്യമങ്ങൾ. അർണബിന്‍റെ ജാമ്യഹരജി അടിയന്തരമായി ലിസ്റ്റ് ചെയ്ത് പരിഗണിക്കുമ്പോൾ സിദ്ദീഖ് കാപ്പന്‍റെ ജാമ്യഹരജി ആഴ്ചകൾ കഴിഞ്ഞ് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. അർണബിന്‍റെ ജാമ്യഹരജി അടിയന്തരമായി ലിസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ തന്നെ രംഗത്തെത്തിയിരുന്നു.

അർണബിന്‍റെ ജാമ്യഹരജി ഇന്ന് പരിഗണിക്കവേ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് ഇന്ദിരാ ബാനർജിയും ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഇത്തരമൊരു കേസിൽ ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ സുപ്രീംകോടതി ഇടപെട്ടില്ലെങ്കിൽ അത് നാശത്തിന് വഴിയൊരുക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഹാഥറസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ഒക്ടോബർ അഞ്ചിന് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ട് കാമ്പസ് ഫ്രണ്ട് പ്രവർത്തകരും ഡ്രൈവറും അറസ്റ്റിലായിരുന്നു. മതവിദ്വേഷം വളർത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി യു.എ.പി.എ ചാർത്തുകയും ചെയ്തു. അറസ്റ്റിലായി ഒരു മാസമായിട്ടും അഭിഭാഷകരെ കാണാൻ പോലും ഇവരെ അനുവദിച്ചിരുന്നില്ല.

കേരള പത്രപ്രവർത്തക യൂണിയൻ ഒക്ടോബർ 29ന് സിദ്ദീഖ് കാപ്പന്‍റെ ജാമ്യത്തിനായി ഹരജി സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ജാമ്യ നടപടികൾ വേ​ഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് മറ്റൊരു ഹരജിയും സമർപ്പിച്ചിരുന്നു. എന്നാൽ, ജാമ്യാപേക്ഷ നവംബർ 16ന് പരിഗണിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അറിയിച്ചത്.

അർണബിന്‍റെ ഹരജി ഒറ്റ ദിവസം കൊണ്ട് പരിഗണിക്കപ്പെടുമ്പോൾ സിദ്ദീഖ് കാപ്പന്‍റെ ഹരജി പരിഗണിക്കാൻ ആഴ്ചകൾക്കപ്പുറത്തേക്ക് നീട്ടിവെക്കുന്നതിലെ വൈരുദ്ധ്യമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അർണബിന്‍റെ കേസിൽ മഹാരാഷ്ട്ര സർക്കാറിന് വേണ്ടി ഹാജരായ കപിൽ സിബൽ സിദ്ദീഖ് കാപ്പന്‍റെ കാര്യം പരാമർശിച്ചിരുന്നു. 

അർണബിന് ലഭിക്കുന്ന പ്രത്യേക പരിഗണന നിയമവിരുദ്ധവും അനധികൃതവുമാണെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മഹാമാരിയുടെ ഈ കാലത്ത് ഹരജികൾ പരിഗണിക്കുന്നത് വൈകുന്നതിനാൽ ആയിരക്കണക്കിനാളുകൾ ജയിലിൽ കഴിയുമ്പോഴാണ് സ്വാധീനമുള്ള ഒരാളുടെ ഹരജി ഒരുദിവസത്തിനുള്ളിൽ തന്നെ ലിസ്റ്റ് ചെയ്യുന്നത്. മുതിർന്ന അഭിഭാഷകൻ കൂടിയായ പി. ചിദംബരത്തിന്‍റെ ഹരജി പോലും ഇത്ര വേഗം ലിസ്റ്റ് ചെയ്തിട്ടില്ലെന്നും ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.