ന്യൂഡൽഹി: ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി ജമ്മു-കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞതുപോലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അടക്കമുള്ള ഒരു സംസ്ഥാനങ്ങളോടും ചെയ്യില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിക്ക് ഉറപ്പുനൽകി . ഭരണഘടനയുടെ താൽക്കാലിക വ്യവസ്ഥയായ 370ാം അനുച്ഛേദവും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അടക്കം മറ്റു സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക വ്യവസ്ഥകളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സുപ്രീംകോടതി അംഗീകരിച്ചാൽ സമാനമായ ഭരണഘടനാ വ്യവസ്ഥകളുള്ള മണിപ്പൂർ അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതുണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് ലോക്സഭയിലെ കോൺഗ്രസ് അംഗം കൂടിയായ അഭിഭാഷകൻ മനീഷ് തിവാരി മുന്നറിയിപ്പ് നൽകിയപ്പോഴാണ് സോളിസിറ്റർ ജനറൽ കേന്ദ്രത്തിന്റെ നിലപാട് അറിയിച്ചത്. കേന്ദ്രസർക്കാറിന്റെ ഉറപ്പായി ഇതിനെ രേഖപ്പെടുത്തി മനീഷ് തിവാരിയുടെ ഹരജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളി.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഒരുകൂട്ടം ഹരജികളിൽ ഒമ്പതാം ദിവസം വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കുമുള്ള പ്രത്യേക വ്യവസ്ഥകൾ എടുത്തുകളയാൻ കേന്ദ്രസർക്കാറിന് ഉദ്ദേശ്യമില്ലെന്ന് മനീഷ് തിവാരിയുടെ വാദം ഖണ്ഡിച്ച തുഷാർ മേത്ത വ്യക്തമാക്കി.
ജമ്മു-കശ്മീരിനുള്ള ഭരണഘടനാവ്യവസ്ഥ റദ്ദാക്കിയാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രത്യാഘാതമുണ്ടാക്കുമെന്ന വാദം അങ്ങേയറ്റം ദുരുദ്ദേശ്യപരമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ജമ്മു-കശ്മീരിനുള്ള ഭരണഘടനാവ്യവസ്ഥ താൽക്കാലികമാണെന്ന് മനസ്സിലാക്കണം. അതേസമയം, മറ്റു സംസ്ഥാനങ്ങൾക്കുള്ളതെല്ലാം പ്രത്യേക ഭരണഘടനാവ്യവസ്ഥകളാണ്. അതിനാൽ ഇത്തരമൊരു ആശങ്കവേണ്ട. ആശങ്ക സൃഷ്ടിക്കാൻ ആരും ശ്രമിക്കേണ്ട. അത്തരമൊരു ആശങ്കക്ക് കേന്ദ്രത്തിനുവേണ്ടി താൻ അറുതിവരുത്തുകയാണെന്നും മേത്ത കൂട്ടിച്ചേർത്തു.
ഇത്തരമൊരു പ്രത്യാഘാതമുണ്ടാകുമെന്ന് താൻ തത്ത്വത്തിൽ പറഞ്ഞതാണെന്നും നിലവിലുള്ള കേന്ദ്രസർക്കാറിനെ കുറിച്ചല്ല പറഞ്ഞതെന്നും മനീഷ് തിവാരി വ്യക്തത വരുത്തിയെങ്കിലും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇടപെട്ടു. ഏതെങ്കിലും തരത്തിലുള്ള ഊഹങ്ങളോ ആശങ്കകളോ പ്രകടിപ്പിക്കാനല്ല ഭരണഘടനാബെഞ്ച് ഇരിക്കുന്നതെന്നും 370ാം അനുച്ഛേദമെന്ന പ്രത്യേക വ്യവസ്ഥ ജമ്മു-കശ്മീരിന് ബാധകമാണോ, അല്ലേ എന്ന വിഷയം കേൾക്കാനാണെന്നും ചീഫ് ജസ്റ്റിസ് മനീഷ് തിവാരിയെ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.